ന്യൂഡൽഹി: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ (ASEAN) മേഖലയിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 7, 8 തീയതികളിൽ മലേഷ്യ സന്ദർശിക്കും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഈ ഔദ്യോഗിക സന്ദർശനം. 2024 ഓഗസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്’ (Comprehensive Strategic Partnership) ഉയർത്തിയതിനു ശേഷം പ്രധാനമന്ത്രി നടത്തുന്ന നിർണ്ണായക സന്ദർശനമാണിത്.
ക്വാലാലംപൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സമുദ്ര സഹകരണം തുടങ്ങിയ പരമ്പരാഗത മേഖലകൾക്ക് പുറമെ ഡിജിറ്റൽ സാങ്കേതികവിദ്യ, ഫിനാൻഷ്യൽ ടെക്നോളജി (FinTech), ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പുതിയ മേഖലകളിലെ സഹകരണവും ചർച്ചകളിൽ പ്രധാന വിഷയമാകും. സന്ദർശനത്തോടനുബന്ധിച്ച് നടക്കുന്ന പത്താമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറത്തിലും അദ്ദേഹം പങ്കെടുക്കും.
സന്ദർശനത്തിന്റെ മറ്റൊരു പ്രധാന ആകർഷണം മലേഷ്യയിലെ ഇന്ത്യൻ പ്രവാസികളുമായുള്ള കൂടിക്കാഴ്ചയാണ്. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഇന്ത്യൻ പ്രവാസി സമൂഹമായ 2.9 ദശലക്ഷം ഇന്ത്യൻ വംശജരാണ് മലേഷ്യയിലുള്ളത്. ക്വാലാലംപൂരിലെ വലിയ ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ 60-ഓളം കമ്മ്യൂണിറ്റി സംഘടനകളുടെ നേതൃത്വത്തിൽ പതിനയ്യായിരത്തോളം ഇന്ത്യക്കാർ പങ്കെടുക്കും. ആസിയാൻ മേഖലയിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ മലേഷ്യയുമായുള്ള ബന്ധം ഈ സന്ദർശനത്തിലൂടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു

