തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് എത്തും. ബിജെപിയുടെ തിരുവനന്തപുരം കോര്പ്പറേഷന് വിജയത്തിന്റെ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദര്‍ശനം. പ്രധാനമന്ത്രിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കും. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേക്ക് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നതാണ്.
പ്രധാനമന്ത്രി മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയില്‍ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. പുത്തരിക്കണ്ടം മൈതാനത്തെ രണ്ടുവേദികളില് ആയാണ് പ്രധാനമന്ത്രിയുടെ പരിപാടി നടക്കുക. ആദ്യ വേദിയില്‍ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കും. കൂടാതെ ഇന്നവേഷന്‍ ടെക്നോളജി ആന്‍ഡ് ഓന്‍ട്രണര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിക്കും. രണ്ടാം വേദിയില്‍ ബിജെപിയുടെ പരിപാടിയാണ് നടക്കുന്നത്. ഇവിടെ കോര്‍പ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശന ചടങ്ങ് പ്രധാനമന്ത്രി നടത്തും.

