മെമ്പര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ; പ്രൊഫസര്‍ കുന്‍വര്‍ജിത് സാംഗ്ലയ്ക്ക് ലഭിച്ചത് അര്‍ഹമായ ആദരം

ടൗൺസ്‌വിൽ: വടക്ക്, വടക്കുപടിഞ്ഞാറൻ, സെൻട്രൽ ക്വീൻസ്‌ലാന്റിലെ ജനങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറും വഴികാട്ടിയുമായ പ്രൊഫസർ കുൻവർജിത് സാംഗ്ലയെ തേടി ഓസ്ട്രേലിയ ദിനത്തിൽ രാജ്യത്തിന്റെ വലിയൊരു ബഹുമതി എത്തിയിരിക്കുന്നു. വൈദ്യശാസ്ത്രരംഗത്തെ മികവിനും നിസ്തുലമായ സേവനത്തിനുമായി അദ്ദേഹത്തെ ‘മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ’ (AM) ആയി ഇന്ന് തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ സമൂഹത്തിനുള്ളിൽ ഒരു പ്രത്യേക മേഖലയിലോ പ്രദേശത്തിലോ സമൂഹത്തിലോ നൽകിയ അതുല്യ സേവനങ്ങളെയോ അസാധാരണ നേട്ടങ്ങളെയോ അംഗീകരിക്കുന്ന ഒരു ബഹുമതിയാണ് ഇത്.

രണ്ട് പതിറ്റാണ്ടിലേറെയായി പ്രമേഹരോഗികൾക്കും, പ്രത്യേകിച്ച് ഗർഭകാലപ്രമേഹം ബാധിച്ചവർക്കും അദ്ദേഹം നൽകി വരുന്ന സ്നേഹപൂർണ്ണമായ പരിചരണം ഈ മേഖലയിലെ വലിയൊരു മാറ്റത്തിനാണ് വഴിതെളിച്ചത്. സാധാരണക്കാർക്കും വിദൂരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ അദ്ദേഹം കാട്ടിയ ശുഷ്കാന്തി പ്രത്യേകം എടുത്തുപറയേണ്ടതാണ്.ടൗൺസ് വിൽ ഹെൽത്ത് സർവീസ് ചീഫ് എക്സിക്യൂട്ടീവ് കീരൻ കെയ്‌സ് പ്രൊഫസർ സാംഗ്ലയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്:


” അദ്ദേഹം വെറുമൊരു ഡോക്ടർ മാത്രമല്ല; ഗവേഷകൻ, അധ്യാപകൻ , രോഗികളുടെ വക്താവ് എന്നിങ്ങനെ പല റോളുകളിലൂടെ നമ്മെ അത്ഭുതപ്പെടുത്തുന്നു. പ്രത്യേകിച്ച് ഫസ്റ്റ് നേഷൻസ് വിഭാഗത്തിലുള്ളവരുടെയും വിദൂര ഗ്രാമങ്ങളിലുള്ളവരുടെയും ആരോഗ്യകാര്യത്തിൽ അദ്ദേഹത്തിനുള്ള അചഞ്ചലമായ പ്രതിബദ്ധത സമാനതകളില്ലാത്തതാണ്.”

ക്വീൻസ്‌ലാന്റിലെ ഉൾനാടൻ പ്രദേശങ്ങളിൽ ഓരോ വ്യക്തിയെയും നേരിൽക്കണ്ട് ചികിത്സ നൽകുന്നതിൽ പ്രൊഫസർ സാംഗ്ലയോളം അദ്ധ്വാനിക്കുന്ന മറ്റൊരു ഡോക്ടർ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനയാന്വിതനായ കർമ്മയോഗി: ഈ വലിയ നേട്ടത്തിലും തികഞ്ഞ വിനയമാണ് പ്രൊഫസർ സാംഗ്ല പ്രകടിപ്പിച്ചത്. “ഈ അംഗീകാരം എനിക്ക് വ്യക്തിപരമായി വലിയ സന്തോഷം നൽകുന്നതിനൊപ്പം തന്നെ, ഞാൻ സേവനം ചെയ്യുന്ന ഈ സമൂഹത്തിന് നൽകുന്ന ഒരു ആദരം കൂടിയായി ഞാൻ ഇതിനെ കാണുന്നു,” അദ്ദേഹം പറഞ്ഞു.തന്റെ സഹപ്രവർത്തകർക്കും രോഗികൾക്കും നന്ദി പറഞ്ഞതിനൊപ്പം, തന്റെ എല്ലാ യാത്രകളിലും കരുത്തായി കൂടെയുള്ള ഭാര്യ ടീനയോടുള്ള ഹൃദയം നിറഞ്ഞ സ്നേഹവും അദ്ദേഹം പങ്കുവെച്ചു.
ഭാരതീയസമൂഹത്തിന് മാതൃകയായ പ്രൊഫസർ കുൻവർജിത് സാംഗ്ലയ്ക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം മലയാളീ പത്രത്തിന്റെ അഭിനന്ദനങ്ങൾ നേരുന്നു!

Leave a Reply

Your email address will not be published. Required fields are marked *