സിഡ്‌നി: സിഡ്‌നിയിലെ പ്രശസ്തമായ ലകെംബ പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിന് മുന്നോടിയായി എത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനും ആഭ്യന്തര മന്ത്രി ടോണി ബർക്കിനും നേരെ കടുത്ത പ്രതിഷേധം. റമദാൻ മാസത്തിന്റെ സമാപ്തി കുറിച്ചുള്ള ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ ഭരണാധികാരികളെ ഒരു വിഭാഗം വിശ്വാസികൾ കൂക്കിവിളികളോടെയും മുദ്രാവാക്യങ്ങളോടെയും എതിരേറ്റു.
പ്രസംഗം നടന്നുകൊണ്ടിരിക്കെ സദസ്സിൽ നിന്നും എഴുന്നേറ്റുനിന്ന പ്രതിഷേധക്കാർ “നാണക്കേട്”, “വംശഹത്യയെ പിന്തുണയ്ക്കുന്നവർ”, “ഇവിടെ നിന്ന് പുറത്തുപോവുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി. ഗാസയിലെയും ലെബനനിലെയും സംഘർഷങ്ങളിൽ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നിലപാടിനോടുള്ള ശക്തമായ വിയോജിപ്പാണ് പ്രതിഷേധത്തിന് കാരണമായത്. പള്ളി ഭാരവാഹികളും മറ്റ് സമുദായ നേതാക്കളും പ്രതിഷേധക്കാരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും മുദ്രാവാക്യം വിളികൾ തുടർന്നുകൊണ്ടിരുന്നു.
പ്രതിഷേധം കനത്തതോടെ ഏകദേശം 15 മിനിറ്റോളം അവിടെ തുടർന്ന പ്രധാനമന്ത്രിയെയും ടോണി ബർക്കിനെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പള്ളിയിൽ നിന്നും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് 33 വയസ്സുകാരനായ ഷെയ്ഖ് മുഖ്‌ലിസിനെ പോലീസ് സ്ഥലത്തുനിന്നും നീക്കം ചെയ്തു. തന്നെ പള്ളിയിൽ നിന്നും ബലംപ്രയോഗിച്ച് പുറത്താക്കിയെന്ന് ആരോപിച്ച അദ്ദേഹം, ഗാസയിലും ലെബനനിലും സമാധാനം പുലരാത്ത സാഹചര്യത്തിൽ ഭരണാധികാരികളെ പള്ളിയിൽ ഫോട്ടോ എടുക്കാനും ചിരിക്കാനും അനുവദിക്കുന്നത് ശരിയല്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഗാസ വിഷയത്തിൽ ഫെഡറൽ സർക്കാരിനോടുള്ള അതൃപ്തി മുസ്ലിം സമുദായത്തിനിടയിൽ വലിയ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ഔദ്യോഗിക ചടങ്ങുകളിലേക്ക് സർക്കാരിനെ ക്ഷണിക്കുന്നതിനെച്ചൊല്ലി സമുദായത്തിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്ക് നേരെ ഇത്തരമൊരു പ്രതിഷേധം അരങ്ങേറിയത്

