മുംബൈ: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്ര നിയമസഭയില്‍ പുലി വേഷം ധരിച്ചെത്തി എംഎല്‍എ.ജുന്നാര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവസേന എംഎല്‍എ ശരദ് സോനവാനയാണ് പ്രതിഷേം പ്രകടിപ്പിക്കാന്‍ നിയമസഭയില്‍ വ്യത്യസ്ത വേഷം ധരിച്ചെത്തിയത്.
‘സംസ്ഥാനത്ത് പുള്ളിപ്പുലി ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. 2014 മുതല്‍ ഞാന്‍ ഈ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സര്‍ക്കാര്‍ അവഗണിക്കുകയാണ്, റെസ്‌ക്യൂ സെന്ററുകള്‍ നിര്‍മിക്കണം, പുലികളെ ഇവയില്‍ പാര്‍പ്പിക്കണം’.-അദ്ദേഹം പറഞ്ഞു.
‘എന്റെ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 55 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2014-15 ലെ ശൈത്യകാല സമ്മേളനത്തില്‍ ഞാന്‍ സര്‍ക്കാരിന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു’.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നാഗ്പുര്‍ നഗരത്തിലെ ഒരു ജനവാസ മേഖലയില്‍ ഇന്ന് പുള്ളിപുലിയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് പുലിയെ പിടികൂടാനായത്

