പ്രകോപനം തുടരുന്നു; ജപ്പാൻ കടലിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തരകൊറിയ

സോൾ: അന്താരാഷ്ട്ര വിലക്കുകൾ ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. കിഴക്കൻ തീരത്തുനിന്ന് ജപ്പാൻ കടൽ ലക്ഷ്യമാക്കിയാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരിച്ചു.

മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കെയാണ് ഉത്തരകൊറിയയുടെ ഈ പുതിയ സൈനിക നീക്കം.ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്ങിന് സമീപത്തുനിന്നാണ് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

മിസൈലിന്റെ സഞ്ചാരപഥവും മറ്റ് സാങ്കേതിക വിവരങ്ങളും ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി വിശകലനം ചെയ്തുവരികയാണ്.അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് ഉത്തരകൊറിയ ഈ പരീക്ഷണം നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉത്തരകൊറിയ തങ്ങളുടെ മിസൈൽ സാങ്കേതികവിദ്യ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി തുടർച്ചയായ പരീക്ഷണങ്ങൾ നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *