കാൻസറിനെ തോൽപ്പിച്ച് പ്രൂ കാർ തിരിച്ചെത്തുന്നു; എൻ.എസ്.ഡബ്ല്യു ഡെപ്യൂട്ടി പ്രീമിയർ നാളെ ചുമതലയേൽക്കും

സിഡ്‌നി: ഏഴ് മാസത്തെ നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം ന്യൂ സൗത്ത് വെയിൽസ് (NSW) ഡെപ്യൂട്ടി പ്രീമിയർ പ്രൂ കാർ നാളെ ഔദ്യോഗിക കൃത്യനിർവഹണത്തിനായി തിരിച്ചെത്തുന്നു. സ്തനാർബുദ ബാധയെത്തുടർന്ന് കഴിഞ്ഞ ജൂൺ മുതൽ അവർ അവധിയിലായിരുന്നു.

ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് താൻ ജോലിയിൽ പ്രവേശിക്കുന്ന വിവരം പ്രൂ കാർ പങ്കുവെച്ചത്. ഇത് രണ്ടാം തവണയാണ് അവർ അർബുദത്തെ പോരാടി തോൽപ്പിക്കുന്നത്. നേരത്തെ 2022-ൽ വൃക്കയിലെ കാൻസറിനും അവർ ചികിത്സ തേടിയിരുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ഘട്ടത്തിൽ, സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ കാറിന്റെ തിരിച്ചുവരവ് സർക്കാരിന് വലിയ കരുത്താണ് നൽകുന്നത്.

ചികിത്സാ കാലയളവിൽ തന്നെ പരിചരിച്ച സിഡ്‌നി ക്രിസ് ഓബ്രിയൻ ലൈഫ്ഹൗസിലെ മെഡിക്കൽ സംഘത്തിനും കുടുംബത്തിനും അവർ നന്ദി രേഖപ്പെടുത്തി. തന്റെ അഭാവത്തിൽ വകുപ്പുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്ത സഹപ്രവർത്തകർക്കും പൂർണ്ണ പിന്തുണ നൽകിയ പ്രീമിയർ ക്രിസ് മിൻസിനും അവർ പ്രത്യേക പരാമർശം നടത്തി.

“രോഗം എന്നെ വ്യക്തിപരമായി മാറ്റിയിട്ടുണ്ടാകാം, എന്നാൽ ജനങ്ങളെ സേവിക്കാനുള്ള എന്റെ ആവേശത്തിനും പ്രതിബദ്ധതയ്ക്കും ഒരു മാറ്റവുമില്ല,” എന്ന് പ്രൂ കാർ വ്യക്തമാക്കി. നാളെ രാവിലെ മുതൽ അവർ സിഡ്‌നിയിലെ തന്റെ ഓഫീസിൽ സജീവമാകും.

Leave a Reply

Your email address will not be published. Required fields are marked *