ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വിക്ടോറിയയിലും ടാസ്മാനിയയിലും പൊതുഗതാഗതം സൗജന്യമാക്കി

മെൽബൺ/ഹോബാർട്ട്: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസവുമായി വിക്ടോറിയ, ടാസ്മാനിയ സർക്കാരുകൾ. വിക്ടോറിയയിൽ ഒരു മാസത്തേക്കും ടാസ്മാനിയയിൽ ജൂലൈ മാസം വരെയുമാണ് പൊതുഗതാഗതം സൗജന്യമാക്കിയത്. ജനങ്ങൾ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയ്ക്കാനാണ് ഈ നടപടി.

വിക്ടോറിയയിൽ മാർച്ച് 31 മുതൽ ഏപ്രിൽ അവസാനം വരെ ട്രെയിനുകൾ, ട്രാം, ബസുകൾ എന്നിവയിലെ യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും. മെട്രോപൊളിറ്റൻ സർവീസുകളിലും വി-ലൈൻ സർവീസുകളിലും ചൊവ്വാഴ്ച മുതൽ ‘മൈക്കി’ ഗേറ്റുകൾ തുറന്നിടും. യാത്രക്കാർ കാർഡുകൾ ടാപ്പ് ചെയ്യേണ്ടതില്ലെന്നും അബദ്ധത്തിൽ ടാപ്പ് ചെയ്താലും പണം ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. “ഇതുകൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ലെങ്കിലും, ജനങ്ങളുടെ യാത്രാച്ചെലവ് കുറയ്ക്കാനുള്ള അടിയന്തര നടപടിയാണിത്,” വിക്ടോറിയൻ പ്രീമിയർ ജസീന്ത അല്ലൻ പറഞ്ഞു.

ടാസ്മാനിയൻ സർക്കാർ ഒരു പടികൂടി കടന്ന് ജൂലൈ വരെ മൂന്ന് മാസത്തേക്കാണ് ബസ്, ഫെറി യാത്രകൾ സൗജന്യമാക്കിയത്. വർദ്ധിച്ചുവരുന്ന ഇന്ധനവില കുടുംബ ബജറ്റുകളെ ബാധിക്കുന്നത് കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ടാസ്മാനിയൻ പ്രീമിയർ ജെറമി റോക്ലിഫ് അറിയിച്ചു. മെൽബൺ പോലുള്ള നഗരങ്ങളി ലുള്ളവർ പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ ലാഭിക്കുന്ന ഇന്ധനം, മറ്റ് യാത്രാ മാർഗ്ഗങ്ങ ളില്ലാത്ത കർഷകർക്കും പ്രാദേശിക സമൂഹങ്ങൾക്കും ലഭ്യമാക്കണമെന്ന് വിക്ടോറിയൻ ഫാർമേഴ്‌സ് ഫെഡറേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രാജ്യവ്യാപകമായി പൊതുഗതാഗതം സൗജന്യമാക്കണമെന്ന് എ.സി.ടി സെനറ്റർ ഡേവിഡ് പോക്കോക്കും ആവശ്യപ്പെട്ടു. നിലവിൽ ഓസ്‌ട്രേലിയയിൽ പലയിടത്തും പെട്രോൾ വില ലിറ്ററിന് 2.60 ഡോളറിലും ഡീസൽ വില 3 ഡോളറിലും എത്തിനിൽക്കുകയാണ്. ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരുകളുടെ ഈ പുതിയ നീക്കം സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *