യാത്രാമധ്യേ ആരോഗ്യ അടിയന്തരാവസ്ഥ; ഡാലസിലേക്കുള്ള ക്വാണ്ടാസ് വിമാനം സിഡ്നിയിലേക്ക് തിരിച്ചുവിട്ടു

സിഡ്നി: സിഡ്നിയിൽ നിന്നും അമേരിക്കയിലെ ഡാലസിലേക്ക് പുറപ്പെട്ട ക്വാണ്ടാസ് വിമാനം യാത്രക്കാരന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് പകുതിവഴിയിൽ നിന്നും തിരിച്ചുവിട്ടു. സിഡ്നിയിൽ നിന്നും യാത്ര തിരിച്ച് ഏകദേശം നാല് മണിക്കൂർ പിന്നിട്ടപ്പോഴാണ് ക്വാണ്ടാസ് QF7 വിമാനത്തിൽ മെഡിക്കൽ എമർജൻസി ഉണ്ടായത്. ഫിജിക്ക് സമീപമെത്തിയപ്പോഴായിരുന്നു വിമാനം തിരിച്ചുവിടാനുള്ള തീരുമാനം പൈലറ്റുമാർ സ്വീകരിച്ചത്.

ഫിജിയിൽ ഇറക്കാൻ ആവശ്യമായതിലും കൂടുതൽ ഇന്ധനം വിമാനത്തിൽ ഉണ്ടായിരുന്നതിനാൽ, സിഡ്നിയിൽ തന്നെ തിരികെ ഇറക്കുന്നതാണ് സുരക്ഷിതമെന്ന് വിമാന അധികൃതർ തീരുമാനിക്കുകയായിരുന്നു. കൂടുതൽ മെഡിക്കൽ സൗകര്യങ്ങളും വിമാനക്കമ്പനിയുടെ മറ്റ് വിഭവങ്ങളും സിഡ്നിയിൽ ലഭ്യമാണെന്നതും ഈ തീരുമാനത്തിന് പിന്നിലെ കാരണമായി. സിഡ്നി വിമാനത്താവളത്തിൽ ഇറക്കുന്നതിന് മുന്നോടിയായി വിമാനത്തിലെ ഇന്ധനം ആകാശത്തുവെച്ച് ഒഴിവാക്കി (Fuel Dumping).

ഓസ്‌ട്രേലിയൻ ഒളിമ്പിക് താരം സാം ഫ്രിക്കറും ഈ വിമാനത്തിലെ യാത്രക്കാരനായിരുന്നു. വിമാനത്തിൽ നിന്നും ഇന്ധനം ഒഴുക്കിവിടുന്ന ദൃശ്യങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. “ആളുകളുടെ ജീവനാണ് വിലയെന്നും ഒരാളുടെ ജീവൻ രക്ഷിക്കാൻ ഇത്രയധികം ഇന്ധനം ഒഴുക്കി കളഞ്ഞാലും അത് വിലപ്പെട്ടതാണെന്നും” അദ്ദേഹം കുറിച്ചു. ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ വിമാനക്കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

സിഡ്നിയിൽ തിരിച്ചെത്തിയ വിമാനം, പുതിയ ക്രൂവിനെ സജ്ജമാക്കിയ ശേഷം രാത്രി 9.25-ഓടെ ഡാലസിലേക്ക് പുനഃക്രമീകരിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും നേരിട്ട ബുദ്ധിമുട്ടുകളിൽ യാത്രക്കാരുടെ സഹകരണത്തിന് നന്ദി പറയുന്നതായും ക്വാണ്ടാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *