കോജി ചുഴലിക്കാറ്റ്; ദുരിത ബാധിതര്‍ക്ക് അധിക സഹായം പ്രഖ്യാപിച്ചു; സര്‍വീസ് ഓസ്ട്രേലിയ വഴി അപേക്ഷിക്കാം

ക്വീന്‍സ് ലാന്‍ഡ്: കോജി’ (Koji) ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന നിവാസികള്‍ക്കായി പ്രധാനമന്ത്രി 26 ദശലക്ഷം ഡോളറിന്റെ അധിക സഹായം പ്രഖ്യാപിച്ചു.ഇതോടെ ആകെ സഹായധനം 66 ദശലക്ഷം ഡോളറായി.ഫെഡറല്‍ സര്‍ക്കാരും ക്വീന്‍സ്ലന്‍ഡ് സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് ഈ തുക അനുവദിക്കുന്നത്.

തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍,റോഡുകളുടെ പുനരുദ്ധാരണം, ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഉണ്ടായ നഷ്ടം നികത്തുക എന്നിവയാണ് ഈ തുകയിലൂടെ ലക്ഷ്യമിടുന്നത്.

അതേ സമയം ഭക്ഷണത്തിനും മരുന്നിനും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായി ഒരു വ്യക്തിക്ക് 180 ഡോളര്‍ വരെയും,5 പേരോ അതിലധികമോ ഉള്ള ഒരു കുടുംബത്തിന് 900 ഡോളര്‍ വരെയും നേരിട്ടുള്ള അടിയന്തര സഹായം ലഭിക്കും.പ്രളയം കാരണം ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് 13 ആഴ്ച വരെ വരുമാന സഹായം ലഭിക്കും.

വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ അഞ്ചു ദിവസത്തിലധികം തടസ്സപ്പെട്ട കുടുംബങ്ങള്‍ക്ക് ഈ വിഭാഗത്തില്‍ സഹായത്തിന് അപേക്ഷിക്കാം.നോര്‍ത്ത് ക്വീന്‍സ്ലന്‍ഡിലെ കെയ്ന്‍സ് ടൗണ്‍സ്വില്‍ എന്നിവിടങ്ങളിലാണ് പ്രളയം കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്.ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് സര്‍വീസ് ഓസ്ട്രേലിയ’വഴി ഓണ്‍ലൈനായി സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *