യുവകുറ്റവാളികളെ തിരുത്താൻ ക്വീൻസ്‌ലൻഡ്; ജയിലിനുള്ളിലെ ജീവിതം വെളിപ്പെടുത്തി പുതിയ റിപ്പോർട്ട്

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിൽ വർധിച്ചുവരുന്ന യുവകുറ്റകൃത്യങ്ങൾ തടയാൻ കടുത്ത ശിക്ഷാനടപടികളുമായി സർക്കാരുകൾ മുന്നോട്ട് പോകുമ്പോഴും, കുറ്റവാളികളെ പുനരധിവസിപ്പിക്കാൻ കോടികൾ ചെലവിട്ട് ക്വീൻസ്‌ലൻഡ് മാതൃകയാകുന്നു. രാജ്യത്തുടനീളം പ്രതിവർഷം 1.1 ബില്യൺ ഡോളറാണ് പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ ജയിലിൽ പാർപ്പിക്കാനായി മാത്രം ചെലവഴിക്കുന്നത്.

കഴിഞ്ഞ വർഷം ക്വീൻസ്‌ലൻഡ് സർക്കാർ നടപ്പിലാക്കിയ “അഡൽറ്റ് ക്രൈം അഡൽറ്റ് ടൈം” (Adult Crime Adult Time) എന്ന നിയമം വഴി യുവകുറ്റവാളികൾക്കും മുതിർന്നവർക്ക് തുല്യമായ ശിക്ഷ ഉറപ്പാക്കിയിരുന്നു. എന്നാൽ ശിക്ഷാ നടപടികൾക്കൊപ്പം തന്നെ, ജയിലിൽ എത്തുന്നവർ വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് തിരിയാതിരിക്കാൻ ‘സ്റ്റേയിംഗ് ഓൺ ട്രാക്ക്’ (Staying on Track) പോലുള്ള പുനരധിവാസ പദ്ധതികൾക്കായി റെക്കോർഡ് തുകയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്.

ബ്രിസ്ബേൻ നഗരപ്രാന്തത്തിലുള്ള വെസ്റ്റ് മോറെറ്റൺ യൂത്ത് ഡിറ്റൻഷൻ സെന്ററിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രത്യേക സന്ദർശനാനുമതിയിലാണ് ജയിലിനുള്ളിലെ കർശന നിയന്ത്രണങ്ങൾ വെളിപ്പെട്ടത്.അഞ്ചുമീറ്റർ ഉയരമുള്ള മതിലുകളും സെക്യൂരിറ്റി ക്യാമറകളും സെല്ലുകൾക്ക് ചുറ്റും മൂന്ന് തലത്തിലുള്ള സുരക്ഷാ കവാടങ്ങളുമുണ്ട്. ഉള്ളിലെ ഫർണിച്ചറുകൾ മുതൽ പിങ്ങ് പോങ്ങ് ടേബിൾ വരെ നിലത്ത് ഉറപ്പിച്ചവയാണ്. ടിവി പോലും കട്ടിയുള്ള ഗ്ലാസിനുള്ളിലാണ് സംരക്ഷിച്ചിരിക്കുന്നത്.

രാത്രി 7.30-ന് സെല്ലിലടയ്ക്കുന്ന കുട്ടികളെ പിറ്റേന്ന് രാവിലെ 7-നാണ് പുറത്തിറക്കുന്നത്. സ്വന്തം സെല്ലുകൾ വൃത്തിയാക്കുന്നതും ഭക്ഷണം തയ്യാറാക്കുന്നതിൽ സഹായിക്കുന്നതും ഉൾപ്പെടെയുള്ള ജോലികൾ ഇവർ ചെയ്യണം.സ്കൂളുകളിലേതു പോലുള്ള ക്ലാസ് മുറികളിൽ ‘ആദരവ്’ പഠിപ്പിക്കുന്നതിനും പ്രചോദനം നൽകുന്നതിനും പ്രാധാന്യം നൽകുന്നു. “പ്രിയപ്പെട്ട ഭൂതകാലമേ, പാഠങ്ങൾക്ക് നന്ദി. പ്രിയപ്പെട്ട ഭാവി, ഞാൻ തയ്യാറാണ്” എന്നെഴുതിയ ചുവർചിത്രങ്ങൾ ഇവിടെ കാണാം.

പല കുട്ടികൾക്കും ജയിൽ എന്നത് ഒരു പേടിസ്വപ്നമാണെങ്കിലും, ചിലർക്ക് ഇത് സുരക്ഷിതമായ ഒരു വീടായി മാറുന്നു എന്ന ഞെട്ടിക്കുന്ന വിവരവും റിപ്പോർട്ടിലുണ്ട്. പുറംലോകത്ത് ലഭിക്കാത്ത ഭക്ഷണവും സുരക്ഷിതമായ താമസവും തേടി മനഃപൂർവ്വം കുറ്റം ചെയ്ത് ജയിലിലേക്ക് തിരിച്ചെത്തുന്ന കുട്ടികളുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സെലീന വാൾട്ടേഴ്സ് പറഞ്ഞു. മുൻ സർക്കാരിന്റെ കാലത്ത് 90 ശതമാനം യുവകുറ്റവാളികളും ഒരു വർഷത്തിനുള്ളിൽ വീണ്ടും ജയിലിൽ തിരിച്ചെത്തുന്ന അവസ്ഥയായിരുന്നു. ഇത് മാറ്റാനായി 12 മാസത്തെ പ്രത്യേക മെന്റർഷിപ്പ് പ്രോഗ്രാമുകൾ വഴി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് നിലവിലെ ശ്രമം.

“സമൂഹത്തിന് കുറ്റകൃത്യങ്ങൾ വരുത്തുന്ന നഷ്ടത്തേക്കാൾ എത്രയോ വലുതാണ് പുനരധിവാസത്തിന് വേണ്ടിയുള്ള നിക്ഷേപം,” എന്ന് ക്വീൻസ്‌ലൻഡ് യൂത്ത് ജസ്റ്റിസ് മന്ത്രി ലോറ ഗെർബർ വ്യക്തമാക്കി. പണ്ട് കാറുകൾ മോഷ്ടിച്ചിരുന്ന കുട്ടികൾ ഇപ്പോൾ ഈ പദ്ധതി വഴി കാറുകൾ കഴുകി മാന്യമായി ജീവിക്കാൻ പഠിക്കുന്നു എന്നത് മാറ്റത്തിന്റെ സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *