ബ്രിസ്ബേൻ: ക്വീൻസ്‌ലൻഡിലെ നിരാലംബരായ കുട്ടികളുടെ ക്ഷേമത്തിനായി സർക്കാർ അനുവദിക്കുന്ന കോടിക്കണക്കിന് രൂപ സ്വകാര്യ കമ്പനികൾ ആഡംബരങ്ങൾക്കായി വകമാറ്റുന്നുവെന്ന് കെപിഎംജി (KPMG) റിപ്പോർട്ട്. ചൈൽഡ് സേഫ്റ്റി ഇൻക്വയറി കമ്മീഷൻ ചെയ്ത ഈ റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ വിവാദത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 2300-ലധികം കുട്ടികളുടെ ജീവിതം പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് ഈ വൻ അഴിമതി നടക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ചിലവ് 200 മില്യൺ ഡോളറിൽ നിന്നും 1.1 ബില്യൺ ഡോളറായി വർദ്ധിച്ചിരുന്നു. കാര്യമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ 2030-ഓടെ ഇത് 7 ബില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഈ തുകയിൽ ഭൂരിഭാഗവും അർഹരായ കുട്ടികളിലേക്ക് എത്തുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പല സ്വകാര്യ കമ്പനി സി.ഇ.ഒമാരും 4 ലക്ഷം മുതൽ 6.7 ലക്ഷം ഡോളർ വരെയാണ് വാർഷിക ശമ്പളമായി കൈപ്പറ്റുന്നത്. ഒരു പ്രമുഖ എക്സിക്യൂട്ടീവ് സർക്കാർ നൽകിയ മൊത്തം ഫണ്ടിന്റെ 21 ശതമാനവും സ്വന്തം വരുമാനമായി എടുത്തു.
അതിലേറെ ഞെട്ടിക്കുന്നത്, ഒരു സർവീസ് പ്രൊവൈഡർ സർക്കാർ ഫണ്ട് ഉപയോഗിച്ച് 2.4 ലക്ഷം ഡോളറിന്റെ സ്വർണ്ണവും ഒരു ലക്ഷം ഡോളറിന്റെ ക്രിപ്‌റ്റോ കറൻസിയും രണ്ട് മെഴ്‌സിഡസ് ബെൻസ് കാറുകളും വാങ്ങിയെന്ന വിവരമാണ്. നിലവിൽ സർവീസ് നടത്തുന്ന 68 ശതമാനം സ്ഥാപനങ്ങളും മതിയായ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഒരു സ്ഥാപനം മാത്രം കഴിഞ്ഞ സാമ്പത്തിക വർഷം 34 മില്യൺ ഡോളറാണ് സർക്കാർ ഫണ്ടായി കൈപ്പറ്റിയത്.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മേൽനോട്ടക്കുറവാണ് ഇത്ര വലിയ തുക ദുരുപയോഗം ചെയ്യാൻ ഇടയാക്കിയതെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ റിഫോർമിസ്റ്റ് ഹെറ്റി ജോൺസ്റ്റൺ പറഞ്ഞു. കേവലം അന്വേഷണങ്ങൾ കൊണ്ട് മാത്രം കാര്യമില്ലെന്നും അടിയന്തിര നടപടിയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ആരംഭിക്കുന്ന ചൈൽഡ് സേഫ്റ്റി കമ്മീഷൻ ഓഫ് ഇൻക്വയറിയുടെ അവസാന വട്ട ചർച്ചകളിൽ ഈ റിപ്പോർട്ട് നിർണ്ണായകമാകും. മെയ് 22-ഓടെ കമ്മീഷൻ ഇതിൽ അന്തിമ ശുപാർശകൾ സമർപ്പിക്കും.

