റാഫ: ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന നിർണ്ണായകമായ റാഫ അതിർത്തി തിങ്കളാഴ്ച മുതൽ പരിമിതമായി തുറന്നു കൊടുത്തു. ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻകൈയെടുത്ത് തയ്യാറാക്കിയ സമാധാന പദ്ധതിയനുസരിച്ചാണ് അതിർത്തി തുറക്കാൻ തീരുമാനമായത്.
നിലവിൽ കാൽനടയാത്രക്കാർക്ക് മാത്രമാണ് അതിർത്തി കടക്കാൻ അനുമതിയുള്ളത്. ആദ്യഘട്ടത്തിൽ പ്രതിദിനം 150 ഓളം രോഗികളെയും അവരുടെ സഹായികളെയും ഈജിപ്തിലേക്ക് പോകാൻ അനുവദിക്കും. കൂടാതെ, യുദ്ധസമയത്ത് ഗാസ വിട്ടുപോയ 50 പേർക്ക് പ്രതിദിനം തിരിച്ചുവരാനും അനുമതിയുണ്ട്.
യൂറോപ്യൻ യൂണിയൻ (EU) നിരീക്ഷകരുടെയും പലസ്തീനിയൻ സുരക്ഷാ ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് അതിർത്തിയുടെ പ്രവർത്തനം നടക്കുന്നത്. എന്നാൽ യാത്രക്കാർ ഇസ്രായേലിന്റെ കടുത്ത സുരക്ഷാ പരിശോധനകൾക്ക് വിധേയരാകണം.
ഗാസയിൽ ചികിത്സ ലഭ്യമാകാത്ത ഏകദേശം 20,000 രോഗികൾ പുറത്തേക്ക് പോകാൻ കാത്തുനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 4,000 കുട്ടികളും ഉൾപ്പെടുന്നു. ഇവരെ സ്വീകരിക്കാനായി 150 ഓളം ഈജിപ്ഷ്യൻ ആശുപത്രികൾ സജ്ജമായിക്കഴിഞ്ഞു.
2024 മെയ് മാസത്തിൽ ഇസ്രായേൽ സൈന്യം അതിർത്തി പിടിച്ചെടുത്തതിന് ശേഷം ഇതാദ്യമായാണ് ക്രോസിംഗ് സാധാരണക്കാർക്കായി തുറന്നുകൊടുക്കുന്നത്. ഇത് ഗാസയിലെ ജനങ്ങൾക്ക് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്.

