ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷം മോശമായി തുടരുന്നതില്‍ ആശങ്ക പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ മാസങ്ങളായി ഗുരുതര വിഭാഗത്തില്‍ തുടരുന്ന വായു ഗുണനിലവാര സൂചിക, കുട്ടികളെയാണ് ബാധിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. തലസ്ഥാനത്ത് തുടരുന്നത് ആരോഗ്യ അടിയന്തരാവസ്ഥയാണെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.
വായു മലിനീകരണത്തില്‍ പ്രതിവിധി വേണമെന്നും ഇതിനായി അടിയന്തരമായി പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണമെന്നും രാഹുല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിന് കര്‍ശനവും സുതാര്യവുമായ കര്‍മ്മപദ്ധതി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധവായു ഓരോ കുട്ടിയുടെയും മൗലിക അവകാശമാണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.
ഡല്‍ഹിയിലും പരിസരങ്ങളിലും വായു ഗുണനിലവാര സൂചിക ഗുരുതരമായ വിഭാഗത്തില്‍ തുടരാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. വായു മലിനീകരണം ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡല്‍ഹിയിലെ 80 ശതമാനത്തിലധികം നിവാസികള്‍ക്ക് വായു മലിനീകരണം കാരണം വിട്ടുമാറാത്ത ചുമ, കഠിനമായ ക്ഷീണം, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്മിട്ടന്‍ പള്‍സ്എഐ നടത്തിയ സര്‍വ്വേ പ്രകാരം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വായു മലിനീകരണം മൂലമുണ്ടായ രോഗങ്ങള്‍ക്ക് 68.3 ശതമാനം ആളുകള്‍ തേടിയിട്ടുണ്ട്. ഈ മേഖലയില്‍ ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധി വളരുകയാണെന്ന കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് രാഹുലിന്റെ പരാമര്‍ശം

