പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് നിർണ്ണായക പ്രതികരണവുമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. തന്നെ മത്സരിപ്പിക്കുന്നത് പാർട്ടിയാണെന്നും പാർട്ടി പറഞ്ഞാൽ ഇനിയും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പാർട്ടി അംഗത്വത്തിന് പുറത്താണെങ്കിലും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായതിനെത്തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്. തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കുന്നതിനായാണ് അദ്ദേഹം പാലക്കാട്ടെത്തിയത്. രാവിലെ എം.എൽ.എ ഓഫീസിലെത്തിയ അദ്ദേഹത്തെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചു.
അതേസമയം, പാലക്കാട് മണ്ഡലത്തിൽ രാഹുലിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പാലക്കാട് മത്സരിക്കാൻ ജില്ലയിലെ തന്നെ മറ്റ് മുതിർന്ന നേതാക്കളുണ്ടെന്ന് ചൂണ്ടിക്കാട്ടി വി.എസ്. വിജയരാഘവൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. രാഹുലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയ ഹർജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

