തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗപരാതി നല്‍കിയ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.
അറസ്റ്റിലായി 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചത്. അറിഞ്ഞുകൊണ്ടൊരു തെറ്റും ചെയ്തിട്ടില്ലെന്നും കുറ്റം ആവര്‍ത്തിക്കില്ലെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയെന്നതടക്കം ചൂണ്ടിക്കാട്ടി അതിജീവിത നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്.

