ന്യൂഡൽഹി: വ്യാപാര കരാറിന്‍റെ പേരിൽ നരേന്ദ്ര മോദി ഇന്ത്യയെ അമേരിക്കക്ക് വിറ്റെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അമേരിക്കയുടെ മുന്നിൽ പ്രധാനമന്ത്രി കീഴടങ്ങിയെന്നും ഭാരതമാതാവിനെ വിറ്റതിൽ ലജ്ജയില്ലേയെന്നും പാർലമെന്‍റിൽ രാഹുൽ ചോദിച്ചു.
എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പേരുണ്ട്. 30 ലക്ഷം എപ്സ്റ്റീൻ ഫയലുകൾകൂടി പുറത്തുവരാനുണ്ട്. എപ്സ്റ്റീൻ ഫയലിന്‍റെയും ബിജെപിയുടെ സാമ്പത്തിക സ്രോതസായ അദാനിക്കെതിരേയുള്ള അമേരിക്കയിലെ കേസിന്‍റെയും പേരിൽ പ്രധാനമന്ത്രിയുടെ മേലുള്ള സമ്മർദം കാരണമാണ് ട്രംപിനുമുന്നിൽ കീഴടങ്ങിയത്. പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയമാണെന്നും രാഹുൽ ആരോപിച്ചു.
മന്ത്രിമാരുടെ നേതൃത്വത്തിൽ ബിജെപി എംപിമാർ ഉയർത്തിയ തടസവാദങ്ങളെ അവഗണിച്ചായിരുന്നു ബജറ്റ് ചർച്ചയിലെ രാഹുലിന്‍റെ രൂക്ഷവിമർശനം. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു രാഹുൽ നടത്തിയ പ്രസംഗത്തെ പതിവിലേറെ കരഘോഷത്തോടെയാണു പ്രതിപക്ഷ എംപിമാർ പിന്തുണച്ചത്.
ലോകശക്തിയായി തുടരാൻ അമേരിക്കയ്ക്ക് ഇന്ത്യക്കാരുടെ ഡാറ്റ ആവശ്യമാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഡാറ്റ അമേരിക്കയ്ക്കു കൈമാറുന്നു. ചെറുകിട, ഇടത്തരം ബിസിനസുകളെയും വിറ്റു. ഏറ്റവും പ്രധാനമായി, ഇന്ത്യയുടെ ഊർജസുരക്ഷ വിറ്റുവെന്ന് രാഹുൽ കുറ്റപ്പെടുത്തി.

