സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ സുൽത്താൻപൂർ എം.പി-എം.എൽ.എ കോടതിയിൽ ഹാജരായി മൊഴി രേഖപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 10.40-ഓടെ കോടതിയിലെത്തിയ അദ്ദേഹം തന്റെ നിരപരാധിത്വം ആവർത്തിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു.
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശമാണ് കേസിനാധാരം. ബി.ജെ.പി നേതാവ് വിജയ് മിശ്ര നൽകിയ പരാതിയിലാണ് കോടതി നടപടികൾ സ്വീകരിച്ചത്. കേസിൽ രാഹുൽ ഗാന്ധിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ക്രിമിനൽ നടപടിക്രമം 313-ാം വകുപ്പ് പ്രകാരം പ്രതിയുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന ഘട്ടത്തിലായിരുന്നു ഇന്നത്തെ ഹാജരാകൽ.
ഏകദേശം 20 മിനിറ്റോളം നീണ്ട കോടതി നടപടികൾക്ക് ശേഷം അദ്ദേഹം ലഖ്‌നൗവിലേക്ക് തിരിച്ചു. കേസിലെ അടുത്ത വാദം കേൾക്കൽ മാർച്ച് 9-ലേക്ക് മാറ്റി. പ്രതിഭാഗം തെളിവുകൾ ഹാജരാക്കാൻ കോടതി അന്നേദിവസം രാഹുൽ ഗാന്ധിയോട് നിർദ്ദേശിച്ചിട്ടുണ്ട്. രാഹുലിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോടതി പരിസരത്ത് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ‘സത്യമേവ ജയതേ’ എന്നെഴുതിയ പോസ്റ്ററുകളുമായി നിരവധി കോൺഗ്രസ് പ്രവർത്തകർ കോടതിക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു.

