തമിഴ് സംസ്‌കാരത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തമിഴ് സിനിമയെ അടിച്ചമര്‍ത്തുന്നതിലൂടെ തമിഴ് സംസ്‌കാരത്തെയും അഭിമാനത്തെയും അപമാനിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
നടന്‍ വിജയ്‌യുടെ പുതിയ ചിത്രമായ ജനനായകന്‍റെ റിലീസ് വൈകിപ്പിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും.

വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പുറത്തിറങ്ങുന്ന പ്രധാന ചിത്രമായ ‘ജനനായകന്‍’ ജനുവരി ഒന്‍പതിന് റിലീസ് ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയത് റിലീസിനെ ബാധിച്ചു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. 2017-ല്‍ വിജയ് ചിത്രം ‘മെര്‍സലി’നെതിരെ ബിജെപി രംഗത്ത് വന്നപ്പോഴും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. തമിഴ് സിനിമയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് തമിഴ് ജനതയോടുള്ള വെല്ലുവിളിയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. കോണ്‍ഗ്രസ് എംപിമാരായ ജ്യോതിമണി, മാണിക്കം ടാഗോര്‍ തുടങ്ങിയവരും ഇതിനെ അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിശേഷിപ്പിച്ചത്.

എന്നാല്‍ ഇത് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെ ജനപിന്തുണ നേടുന്ന സാഹചര്യത്തിലാണ് ഈ വിവാദവും ശക്തമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *