തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ അതിജീവിത നല്‍കിയ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭച്ഛിദ്രത്തിനായി രാഹുല്‍ ഭീഷണിപ്പെടുത്തിയെന്നും ഗര്‍ഭം അലസിപ്പിക്കുന്നതിനായി നിര്‍ബന്ധപൂര്‍വം തന്നൊക്കൊണ്ട് ഗുളിക കഴിപ്പിച്ചെന്നുമാണ് മൊഴിയിലുള്ളത്. ഇതിനായുള്ള ഗുളിക രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് മുഖേന എത്തിക്കുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു.
മരുന്ന് കഴിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് താന്‍ രാഹുലിനോടു സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍ വീഡിയോ കോളിലൂടെ ഇതിനായി നിര്‍ബന്ധിക്കുകയാണ് രാഹുല്‍ ചെയ്തത്. മരുന്ന് കഴിച്ചുവെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ഫോണ്‍ കട്ടാക്കിയത്. അതിനു ശേഷം ഭയാനകമായ അവസ്ഥയിലൂടെയായിരുന്നു താന്‍ കടന്നു പോയത്. മൂന്നു ദിവസം രക്തസ്രാവമുണ്ടായി. ഒടുവില്‍ പരിശോധനയ്ക്കായി ഡോക്ടറെ പോയി കാണേണ്ടതായി വന്നു. അതിനു തന്നെ ശകാരിക്കുകയും ചെയ്തു. ജീവന്‍ പോലും അപകടത്തിലാക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തതെന്നായിരുന്നു ഇതു സംബന്ധിച്ച് ഡോക്ടറുടെ പ്രതികരണം. അതിജീവിത പറയുന്നു.
ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഗര്‍ഭച്ഛിദ്രം നടത്തിയതെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ പോകുന്നതിനു പകരം പ്രാകൃതമായ രീതിയാണ് പിന്തുടര്‍ന്നിരുന്നതെന്നു വ്യക്തമാക്കുന്ന മൊഴിയാണിപ്പോള്‍ പുറത്തു വരുന്നത്. യുവതിക്ക് ഗുളിക എത്തിച്ചു കൊടുത്ത അടൂര്‍ സ്വദേശി ജോബിയെയും കേസില്‍ പ്രതിയാക്കിയാണ് പോലീസിന്റെ നീക്കം.

