പാലക്കാട്: ലൈംഗിക അതിക്രമ കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നില കൂടുതല്‍ പരുങ്ങലിലാകുന്നു. ഇതുവരെ തെളിവെവിടെ, പരാതിയെവിടെ എന്നിങ്ങനെയുള്ള സാങ്കേതികമായ വാദങ്ങള്‍ ഉന്നയിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച രാഹുലിന് പ്രതീക്ഷിക്കാത്ത കുരുക്കാണ് ഇന്നലെ അതിജീവിത പരാതി നല്‍കിയതോടെ ഉടലെടുത്തിരിക്കുന്നത്.
രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ അതിജീവിത നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്കു നേരിട്ടു കൈമാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് അറസ്റ്റുണ്ടായാല്‍ അതിന്റെ ക്ഷീണം ചെറുതായിരിക്കില്ല എന്നു മനസിലാക്കിയ പാര്‍ട്ടി നേതൃത്വം രാഹുലിനെ പൂര്‍ണമായി കൈവിട്ടിരിക്കുകയാണ്. പാര്‍ട്ടി രാഹുലിന് ഒപ്പമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയത് ഇതിന്റെ സൂചനയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞു മാറി.
രാഹുലിനെതിരേ എന്ത് നടപടിയും പോലീസിനു സ്വീകരിക്കാമെന്ന് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍ പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസ് പൂട്ടിയ നിലയിലാണ്. ഫോണും ഓഫാക്കിയിരിക്കുകയാണ്. രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയാണെന്നു പറയുന്നു.

