ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; വിവാദമായി ജര്‍മ്മനിയില്‍ രാഹുലിന്റെ പ്രസ്താവന

ന്യൂഡൽഹി : ജർമ്മനിയിലെ ബെർലിനിൽ നടന്ന ഒരു പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടുമെന്ന് ബെർലിനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യം ഒരു ആഗോള ആസ്തിയാണെന്നും കേന്ദ്രസർക്കാർ ഭരണഘടന സ്ഥാപനങ്ങളെ ആക്രമിക്കുകയാണ് എന്നും രാഹുൽഗാന്ധി ജർമ്മനിയിൽ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചു.

രാഹുൽ ഗാന്ധി നടത്തിയ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളെ ബിജെപി ശക്തമായി വിമർശിച്ചു. രാഹുൽ ഗാന്ധിയും കോൺഗ്രസും അസ്ഥിരതയുടെ അപകടകരമായ അവസ്ഥയാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര രക്ഷാധികാരി ജോർജ്ജ് സോറോസും ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തിൽ അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. അത്തരം ഇന്ത്യാ വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാൻ ആണ് രാഹുൽ വിദേശത്തേക്ക് പോകുന്നത് എന്നും ബിജെപി വക്താവ് അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവല്ല, മറിച്ച് വിദേശത്ത് പോയി രാജ്യത്തിനെതിരെ സംസാരിക്കുന്ന ഒരു ഇന്ത്യാ വിരുദ്ധ നേതാവാണെന്ന് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്ദ്‌ലജെ അഭിപ്രായപ്പെട്ടു. ഒരു നേതാവിനെ പോലെയല്ല, മറിച്ച് ഇപ്പോഴും ഒരു കുട്ടിയെ പോലെയാണ് രാഹുൽഗാന്ധി പെരുമാറുന്നത് എന്നും ശോഭ കരന്ദ്‌ലജെ സൂചിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *