അപകീർത്തികരമായ പരാമർശം: എം.എ. ഷഹനാസിനെതിരെ 10 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: തനിക്കെതിരെ വാർത്താസമ്മേളനത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് എം.എ. ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസ് അയച്ചു. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടി. ഫെബ്രുവരി 3-ന് ഷഹനാസ് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

ജാമ്യത്തിലിറങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഒരു അഭിമുഖത്തിന് മറുപടിയായാണ് ഷഹനാസ് വാർത്താസമ്മേളനം വിളിച്ചത്. ഈ ചടങ്ങിൽ രാഹുലിനെ ‘ലൈംഗിക വൈകൃതമുള്ളയാൾ’ എന്നും ‘കോഴി’ എന്നും വിശേഷിപ്പിച്ചത് തികഞ്ഞ വ്യക്തിഹത്യയാണെന്ന് നോട്ടീസിൽ പറയുന്നു. തന്നെ പൊതുസമൂഹത്തിന് മുന്നിൽ മനഃപൂർവം മോശക്കാരനായി ചിത്രീകരിക്കാനും അപമാനിക്കാനുമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 10 കോടി രൂപ ലഭിക്കുകയാണെങ്കിൽ അത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല ഉപയോഗിക്കുകയെന്നും രാഹുൽ വ്യക്തമാക്കി. ഈ തുക ഉപയോഗിച്ച് 100 പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് വെച്ചുനൽകുന്ന സാമൂഹിക സേവന പദ്ധതി നടപ്പിലാക്കുമെന്ന് വക്കീൽ നോട്ടീസിൽ എടുത്തുപറയുന്നു.

തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിത്വത്തെയും ഹനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *