തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പരാതിക്കാരിയുടെ ആരോപണം വ്യാജമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് രാഹുലിന്റെ വാദം.പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യയാണെന്നും ഫേസ്ബുക്കിലൂടെയാണ് സൗഹൃദം സ്ഥാപിച്ചതെന്നും രാഹുല്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്.എന്നാല്‍ ഗര്‍ഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണ്.ഞാനുമായുള്ള എല്ലാ ചാറ്റും റെക്കോര്‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്.ഗൂഢാലോചനയുടെ ഭാഗമായി റെക്കോര്‍ഡ് ചെയ്ത ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പിന്നീട് മാദ്ധ്യമങ്ങള്‍ക്ക് കൈമാറി.പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം എനിക്കെതിരെ പരാതി നല്കാന് നിര്‍ബന്ധിച്ചു.
പരാതിക്കാരി ഇക്കാര്യം തന്നെ അറിയിച്ചിട്ടുണ്ട്. അതിന് തെളിവുണ്ട്.മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത് രാഷ്ട്രീയ താല്പര്യത്തോടെയാണ്.ഗര്‍ഭഛിദ്രം നടത്തിച്ചെന്ന വാദം നിലനില്‍ക്കില്ല.പരാതിക്കാരി സ്വയമാണ് മരുന്ന് കഴിച്ചത്.പരാതിക്കാരി ഗര്‍ഭിണിയാണെന്ന വാദം അംഗീകരിച്ചാല്‍ തന്നെ അതിന്റെ ബാദ്ധ്യത ഭര്‍ത്താവിനാണ്’- രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്.കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അതിവേഗ അറസ്റ്റിനുള്ള നീക്കം നടത്തിയതിനുപിന്നാലെയാണ് രാഹുലിന്റെ നീക്കം.അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഹര്‍ജി നാളെ രാവിലെ പരിഗണിക്കാനാണ് സാദ്ധ്യത.അതേസമയം,രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിടാനുളള സാദ്ധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

