പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടില്‍ എസ്‌ഐടി നടത്തിയ റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പിടിച്ചെടുത്തു. ഇതില്‍ പലതും വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്നു നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകളാണ്. സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, ഉണ്ണികൃഷ്ണന്‍ പോറ്റി തുടങ്ങി പലരുമായും പല ഏജന്‍സികളുമായും ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്.
2016 മുതലുള്ള പത്മകുമാറിന്റെ ആദായ നികുതി സംബന്ധമായ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ ആരംഭിച്ച റെയ്ഡ് ഇന്നലെ പുലര്‍ച്ചെയാണ് അവസാനിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി പത്മകുമാറിന്റെ വീട്ടിലെത്തിയതു സംബന്ധിച്ച വിവരങ്ങളും എസ്‌ഐടി ശേഖരിച്ചിട്ടുണ്ട്.

