കാറ്റും അതിതീവ്ര മഴയും, ഇന്തോനേഷ്യയില്‍ 417 മരണം, തായ്‌ലന്‍ഡിലും മലേഷ്യയിലും നൂറുകണക്കിനാള്‍ക്കാരെ കാണാനില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 417 ആയി ഉയര്‍ന്നു. ഇതിനു പുറമെ നൂറുകണക്കിന് ആള്‍ക്കാരെ കാണാതായിട്ടുമുണ്ട്. ഇവര്‍ക്കായി സര്‍വ സന്നാഹവും ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്. ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടു പോകുന്നു. എമ്പാടും വൈദ്യുതിയും ഇന്റര്‍നെറ്റും മുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

അതിതീവ്ര മഴ തുടരുന്ന തായ്‌ലന്‍ഡിലും മലേഷ്യയിലും പ്രളയക്കെടുതികള്‍ തുടരുകയാണ്. നൂറുകണക്കിനാളുകളെയാണ് കാണാതായിരിക്കുന്നത്. തായ്‌ലന്‍ഡില്‍ 170 പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ ഇരുനൂറോളം ആള്‍ക്കാരാണ് പേമാരിക്കും വെള്ളപ്പൊക്കത്തിനു ഇരയായി ജീവന്‍ നഷ്ടപ്പെട്ടത്. ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ നിമിത്തം രൂക്ഷമായ മഴക്കാലമാണ് തെക്കു കിഴക്കന്‍ ഏഷ്യയിലെമ്പാടുമുള്ളത്. ഇന്തോനേഷ്യയില്‍ സെന്‍യാര്‍ എന്നു പേരിട്ടിരിക്കുന്ന ഉഷ്ണമേഖലാ കൊടുക്കാറ്റാണ് നാശം വിതച്ചതെങ്കില്‍ ദിത്വ എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റാണ് ശ്രീലങ്കയെ കശക്കിയെറിഞ്ഞത്.

മിന്നല്‍ ചുഴലിയുടെ സ്വഭാവത്തിലുള്ള മഴയാണ് ഇതിനൊപ്പം പെയ്തിറങ്ങിയത്. നാടുമുഴുവന്‍ വെള്ളത്തിനടിയിലായത് വളരെ വേഗത്തിലായിരുന്നു. റോഡുകള്‍ നിറഞ്ഞെത്തിയ വെള്ളം വീടുകളിലേക്ക് ഇരച്ചു കയറുകയായിരുന്നു. അതിരൂക്ഷമായി മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പോലും വളരെ മന്ദഗതിയിലാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *