കൊളംബോ: ട്വന്റി20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന് മഴ വില്ലനായേക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരത്തിനാണ് മോശം കാലാവസ്ഥ ഭീഷണിയുയർത്തുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് കൊളംബോയിൽ കനത്ത മഴയ്ക്ക് കാരണമാകുന്നത്.
കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം ഞായറാഴ്ച കൊളംബോയിൽ 50 മുതൽ 70 ശതമാനം വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്. രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് കാലാവസ്ഥ പ്രതികൂലമായാൽ ടോസ് വൈകാനോ ഓവറുകൾ വെട്ടിച്ചുരുക്കാനോ സാധ്യതയുണ്ട്.
മഴയെ നേരിടാൻ മികച്ച സന്നാഹങ്ങളാണ് പ്രേമദാസ സ്റ്റേഡിയത്തിലുള്ളത്. അത്യാധുനിക ഡ്രെയിനേജ് സംവിധാനത്തിന് പുറമെ, പിച്ചിന് പകരം മൈതാനം മുഴുവൻ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മൂടുന്ന രീതിയാണ് ഇവിടെയുള്ളത്. മഴ മാറി 45 മുതൽ 60 മിനിറ്റിനുള്ളിൽ മൈതാനം മത്സരസജ്ജമാക്കാൻ ഇതിലൂടെ സാധിക്കും.
ഒരു ട്വന്റി20 മത്സരത്തിന് ഫലമുണ്ടാകണമെങ്കിൽ ഇരു ടീമുകളും കുറഞ്ഞത് അഞ്ച് ഓവർ വീതമെങ്കിലും ബാറ്റ് ചെയ്യേണ്ടതുണ്ട്. കനത്ത മഴ മൂലം ഇതിന് സാധിച്ചില്ലെങ്കിൽ മത്സരം ഉപേക്ഷിക്കും. അങ്ങനെയെങ്കിൽ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ‘റിസർവ് ഡേ’ ഇല്ലാത്തതിനാൽ മത്സരം ഉപേക്ഷിച്ചാൽ ആരാധകർക്ക് അത് വലിയ നിരാശയാകും.
നിലവിൽ ഗ്രൂപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും നാല് പോയിന്റ് വീതം നേടിയിട്ടുണ്ടെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയാണ് ഒന്നാമത്. ശനിയാഴ്ച നടക്കേണ്ട ഇന്ത്യയുടെ പരിശീലന സെഷനും മഴ ഭീഷണിയിലാണ്.

