സ്വയ ഹത്യയിലൂടെ കഥാലോകം ഉപേക്ഷിച്ചു പോയ രാജലക്ഷ്മിയുടെ ഓർമ്മദിനം

മനുഷ്യബന്ധങ്ങളെ ഭാവതീവ്രമായി ആവിഷ്കരിച്ച കഥാകാരി,
ടി എ രാജലക്ഷ്മി

”ഞാൻ ഇരുന്നാൽ ഇനിയും കഥ എഴുതും.. അതുകൊണ്ടിനി ആർക്കൊക്കെ ഉപദ്രവമാകുമോ..? ഞാൻ പോട്ടെ..’’

മലയാളസാഹിത്യലോകത്ത് ഒരു നക്ഷത്രമായി ഉദിച്ചുയരുകയും, കഥയിലും നോവലിലും മലയാളിപ്പെണ്ണിന്റെ മനസ്സ് കാലത്തിൽ എക്കാലത്തേക്കുമായി രേഖപ്പെടുത്തി വയ്ക്കുകയും ഒടുവിൽ ഒരു ആത്മഹത്യയിലൂടെ സാഹിത്യലോകത്തെയും കേരളത്തെത്തന്നെയും ഞെട്ടിക്കുകയും ചെയ്ത എഴുത്തുകാരിയാണ് ടി എ രാജലക്ഷ്മി…

സ്വന്തം പീഡകളെ അടിസ്ഥാനമാക്കിയായിരുന്നു അവരുടെ കൃതികൾ. മാറുന്ന സാമൂഹ്യപരിസ്ഥിതിയോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ സ്ത്രീ നേരിടേണ്ടിവരുന്ന പ്രതികൂല സാഹചര്യങ്ങളെയും വ്യഥകളെയുമാണ് രാജലക്ഷമി തന്റെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും ആവിഷ്കരിക്കാൻ ശ്രമിച്ചത്…

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലാണ് ജനിച്ചത്. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ പഠിച്ചു. മഹാരാജാസ് കോളേജിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദംനേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീട് ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജുകളിൽ അദ്ധ്യാപകവൃത്തിനോക്കി…

1956-ൽ മാതൃഭൂമി ആഴ്ച്പ്പതിപ്പ് പ്രസിദ്ധീകരിച്ച മകൾ എന്ന നീണ്ടകഥയിലൂടെയാണ്‌ രാജലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. ഇന്നും മാറ്റമില്ലാതെ തുടരുന്ന സ്‌ത്രീയുടെ അസ്‌തിത്വത്തെക്കുറിച്ചുളള ആശങ്കകൾ ഈ കൃതിയെ കാലാതിവർത്തിയാക്കുന്നു…

1958-ൽ സ്ത്രീയുടെ മാനസികവ്യാപാരങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു വഴിയും കുറേ നിഴലുകളും’ എന്ന നോവൽ പ്രസിദ്ധീകരിച്ചു. ഒരേ വഴിയിലൂടെ തന്നെ നടക്കേണ്ടി വരുന്ന സ്ത്രീ ജീവിതത്തിന്റെ പരിമിതിയെ നോവൽ പ്രശ്നവല്‍ക്കരിക്കുന്നു…

1960-ൽ ഉച്ചവെയിലും ‘ഇളംനിലാവും’ എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ട് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ ആവശ്യപ്രകാരം നോവൽ നിർത്തിവെച്ചു. പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അനുഭവങ്ങൾ കഥയാക്കുന്നുവെന്നും പലരുടെയും കുടുംബജീവിതത്തിന്റെ ശാന്തി നശിപ്പിക്കുന്നുവെന്നുമുള്ള നിരന്തരമായി കത്തുകൾ അവരെത്തേടി എത്തിയതാണ് കാരണമായത്…

1965-ൽ സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളുടെയും വിക്ഷോഭങ്ങളുടെയും ആർജ്ജവമായ ആവിഷ്‌കാരം ‘ഞാനെന്ന ഭാവം’ നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പുറത്തുവന്നു…

മാതൃഭൂമിയെക്കൂടാതെ മംഗളോദയം, തിലകം, ജനയുഗം, നവജീവൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണ്‌ രാജലക്ഷ്മി കഥകൾ എഴുതിയിരുന്നത്…

ആത്മഹത്യ, മാപ്പ്, പരാജിത, തെറ്റുകൾ, ഒരദ്ധ്യാപിക ജനിക്കുന്നു, സുന്ദരിയും കൂട്ടുകാരും, ശാപം, മൂടുവാൻ നാടൻ, ദേവാലയത്തിൽ, ചരിത്രം ആവർത്തിച്ചില്ല, ഹാൻഡ് കർചീഫ് തുടങ്ങിയ ചെറുകഥകൾ ‘രാജലക്ഷ്മിയുടെ കഥകൾ’ എന്ന പേരിലും, കുമിള, നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രണ്ടു കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്…

1960-ൽ ‘ഒരു വഴിയും കുറേ നിഴലുകളും’ എന്ന കൃതിയിലൂടെ കേരളസാഹിത്യ അക്കാദമി പുരസ്കാരം ആദ്യമായി വാങ്ങിയ എഴുത്തുകാരി രാജലക്ഷ്മിയാണ്…

താനെഴുതിയവയെ സമൂഹം വിമർശിക്കാൻ തുടങ്ങിയപ്പോൾ അവർ എഴുത്തു നിർത്തി. പ്രശസ്തിയുടെ നെറുകയിൽ നിൽക്കേ, വായനക്കാരും പത്രാധിപന്മാരും രാജലക്ഷ്മിയുടെ രചനകൾക്കായി കാത്തിരിക്കേ, രണ്ടുവർഷത്തോളം അവർ എഴുതാതിരുന്നിട്ടുണ്ട്. എന്നിട്ടും സമൂഹത്തിന്റെ വേട്ടയാടൽ തുടർന്നപ്പോൾ നിൽക്കക്കള്ളിയില്ലാതെ രാജലക്ഷ്മി ആത്മഹത്യ ചെയ്യുകയായിരുന്നു.
മലയാളത്തിന് നിരവധി വിലപ്പെട്ട കൃതികൾ ബാക്കിയാക്കി…

‘ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതായ്മയുടേയും ഭീരുത്വത്തിന്റെയും. എന്നാൽ ‘ഭീരുത്വം എന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പിൽ തല വെയ്ക്കുന്നത് ഭീരുത്വമാണത്രെ; ഭീരുത്വം. അല്ല ധീരതയാണ്. അവരവർ വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോൾ ഉടനെ പോയങ്ങു മരിക്കുക. Revence face ചെയ്യാനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോകുക എന്നുവെച്ചാൽ ഭീരുത്വം എന്നു തന്നെ
പറയും ഞാൻ..’
രാജലക്ഷ്മി അവസാനമെഴുതിയ `ആത്മഹത്യ’ എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്…

ലാലു കോനാടിൽ

Leave a Reply

Your email address will not be published. Required fields are marked *