ആലപ്പുഴ: ഗര്‍ഭിണിയായ യുവതിയെ മര്‍ദിക്കുകയും ആറ്റില്‍ മുക്കി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടാം പ്രതിയായ യുവതിക്കും വധശിക്ഷ. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതയാണ് കാമുകന്റെയും അയാളുടെ രണ്ടാം കാമുകിയായ യുവതിയുടെയും കൈകളാല്‍ വധിക്കപ്പെട്ടത്. ഈ കേസില്‍ ഒന്നാം പ്രതിയും കാമുകനുമായിരുനന മലപ്പുറം നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷിനെ ഏതാനും ദിവസം മുമ്പ് വധശിക്ഷയ്ക്കു വിധിച്ചിരുന്നു. അന്നു വിധി പ്രഖ്യാപിക്കാന്‍ കഴിയാതെ പോയ രണ്ടാം പ്രതി കൈനകരി തോട്ടുവാത്തല പതിശേരി വീട്ടില്‍ രജനിക്കാണ് ഇപ്പോള്‍ വധശിക്ഷ ലഭിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലാ സെഷന്‍സ് മൂന്നാം നമ്പര്‍ കോടതിയുടേതാണ് വിധി.
2021 ജൂലൈ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രബീഷും വിവാഹിതയായ രജനിയും ഭാര്യാഭര്‍ത്താക്കന്‍മാരെ പോലെ കൈനകരിയിലായിരുന്നു താമസം. ഇതിനിടെ പ്രബീഷ് അനിതയുമായി പ്രണയത്തിലായി. അനിത ഗര്‍ഭിണിയുമായി. വിവാഹം ചെയ്യണമെന്ന് അനിത ശാഠ്യം പിടിച്ചതോടെയാണ് അവരെ ഒഴിവാക്കാന്‍ പ്രബീഷും രജനിയും ചേര്‍ന്ന് ശ്രമിക്കുന്നത്. രജനിയെ കൈനകരിയിലെ വീട്ടില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച ശേഷം മരിച്ചുവെന്ന ധാരണയില്‍ ആറ്റില്‍ താഴ്ത്തുകയായിരുന്നു. നിലവില്‍ മയക്കുമരുന്നു കേസില്‍ ഒഡീഷയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് രജനി.

