രാജസ്ഥാനിൽ അനധികൃത പടക്ക നിർമ്മാണ ശാലയിൽ തീപിടുത്തം; എട്ടു മരണം

ഭിവാഡി: രാജസ്ഥാനിലെ ഖൈർത്താൽ-തിജാര ജില്ലയിൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ തീപിടുത്തത്തിൽ എട്ടു പേർ മരിച്ചു. ഭിവാഡിയിലെ ഖുഷ്ഖേര-കരോലി വ്യാവസായിക മേഖലയിലുള്ള ടപ്പൂക്കരയിലെ ഒരു ഫാക്ടറിയിലാണ് തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഫാക്ടറിയിലെ തൊഴിലാളികളാണ്.

ഗാർമെന്റ് ഫാക്ടറി എന്ന പേരിൽ ലൈസൻസ് എടുത്ത് അനധികൃതമായി പടക്കം നിർമ്മിക്കുകയായിരുന്നു ഈ സ്ഥാപനമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അപകടസമയത്ത് ഏകദേശം ഇരുപതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നു. പടക്കം നിർമ്മിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതപ്പെടുന്നു. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്.

അപകടത്തെത്തുടർന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തുകയും ജില്ലാ ഭരണകൂടത്തിന് അടിയന്തര സഹായങ്ങൾ എത്തിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *