പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണന്‍ വയ്യാര്‍ (31) മോഷ്ടാവാണെന്ന ആരോപണം തള്ളി കുടുംബം.
കെട്ടിടനിര്‍മ്മാണ മേഖലയില്‍ ജോലിചെയ്യുന്നതിനാണ് നാലുദിവസം മുമ്പ് ഇയാള്‍ കേരളത്തിലെത്തിയതെന്നും വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തിയതാകാമെന്നും ബന്ധുവായ ശശികാന്ത് ബഗേല്‍ പറയുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയല്ല രാംനാരായണനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജോലിക്കായി നാലു ദിവസം മുന്‍പാണ് രാംനാരായണന്‍ പാലക്കാട്ട് എത്തിയത്. എന്നാല്‍ ഇവിടുത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല. സ്ഥലപരിചയം ഇല്ലാത്തതിനാല്‍ എങ്ങനെയോ വഴി തെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തിപ്പെട്ടതാകാം. ഒരു ക്രിമിനല്‍ റെക്കോര്‍ഡുമില്ലാത്ത ആളാണ്. നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ല. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ വന്ന് അന്വേഷിക്കാം. മദ്യപിക്കാറുണ്ടെങ്കിലും ആരുമായും യാതൊരു പ്രശ്നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് കുട്ടികളുണ്ട്. കുടുംബം പോറ്റുന്നതിനായി ജോലി ചെയ്യാനായാണ് ഇവിടെയെത്തിയത്’- ബന്ധു ശശികാന്ത് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് അട്ടപ്പാളം മാതാളിക്കാട് ഭാഗത്തായിരുന്നു സംഭവം. ഇവിടെ പണിയെടുത്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രാംനാരയണനെ കാണുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇവര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ യുവാക്കള്‍ ചേര്‍ന്ന് രാംനാരായണനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് അവശനായ രാംനാരായണന്‍ രക്തം ഛര്‍ദിച്ചെന്നും വിവരമുണ്ട്. കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറുകള്‍ക്ക് ശേഷമാണ് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ മാതാളിക്കാട് സ്വദേശികളായ പതിനഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രാഥമിക പരിശോധനയില്‍ തന്നെ അദ്ദേഹത്തിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു. തലയിലും ശരീരത്തിലുമേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലമുതല്‍ കാലുവരെ നാല്‍പ്പതിലേറെ മുറിവുകളുണ്ട്. ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചിഴച്ചതിന്റെയും അടയാളങ്ങള്‍ ശരീരത്തിലുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

