കൊളംബോ: ഐപിഎൽ 2026 സീസണിൽ കളിക്കുന്നതിനായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) നിഷേധിച്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ (SLC) നിയമപോരാട്ടവുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം നുവാൻ തുഷാര. കൊളംബോ ഡിസ്ട്രിക്റ്റ് കോടതിയിലാണ് താരം കേസ് ഫയൽ ചെയ്തിരിക്കുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിശ്ചയിച്ച പുതിയ ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ മറികടക്കാൻ തുഷാരയ്ക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡ് അനുമതി നിഷേധിച്ചത്.
തന്റെ കേന്ദ്ര കരാർ (Central Contract) 2026 മാർച്ച് 31-ന് അവസാനിച്ചതാണെന്നും, അതിനാൽ ഐപിഎല്ലിൽ കളിക്കാൻ എൻഒസി നിർബന്ധമാക്കുന്നത് തന്റെ ഉപജീവനത്തെ തടസ്സപ്പെടുത്തുന്നതാണെന്നും തുഷാര കോടതിയിൽ വാദിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള ആഗ്രഹം താൻ ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും, മുൻപ് സമാനമായ ഫിറ്റ്‌നസ് നിലവാരത്തിൽ തന്നെ കളിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. 1.6 കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തിൽ ആർസിബി തുഷാരയെ സ്വന്തമാക്കിയത്.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് ഷമ്മി സിൽവ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ എതിർകക്ഷികളാക്കിയാണ് കേസ് നൽകിയിരിക്കുന്നത്. കോടതി കേസ് ഏപ്രിൽ 9-ന് വീണ്ടും പരിഗണിക്കും. ഈ തർക്കം നീണ്ടുപോയാൽ സീസണിലെ ആദ്യ പകുതിയിലധികം മത്സരങ്ങൾ താരത്തിന് നഷ്ടമാകും. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ആർസിബിക്ക്, നിലവിലെ ചാമ്പ്യന്മാർ എന്ന നിലയിൽ തുഷാരയുടെ അഭാവം ബൗളിങ് നിരയിൽ വലിയ തിരിച്ചടിയാണ്.
2 കിലോമീറ്റർ ഓട്ടം, 20 മീറ്റർ സ്പ്രിന്റ് ഉൾപ്പെടെയുള്ള അഞ്ച് കടുത്ത ഫിറ്റ്‌നസ് പരിശോധനകളിൽ നിശ്ചിത പോയിന്റ് നേടുന്നവർക്ക് മാത്രമേ വിദേശ ലീഗുകളിൽ കളിക്കാൻ അനുമതി നൽകൂ എന്നാണ് ശ്രീലങ്കൻ ബോർഡിന്റെ പുതിയ നയം. വാനിന്ദു ഹസരംഗ, മതീഷ പതിരണ തുടങ്ങിയ താരങ്ങളും എൻഒസിക്കായി കാത്തിരിക്കുകയാണ്.

