കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലും പ്രതിപക്ഷമായ ബിജെപിയിലും അസംതൃപ്തരുടെ പ്രതിഷേധം ശക്തമാകുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിന് പിന്നാലെ സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ നേതാക്കൾ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയത് ഇരുപാർട്ടികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
തൃണമൂൽ കോൺഗ്രസ് ഇത്തവണ പുതുമുഖങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 74 സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചു. ആകെയുള്ള 294 സീറ്റുകളിൽ 291 സീറ്റുകളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.മാൽഡയിലെ ഹരിശ്ചന്ദ്രപൂരിൽ മൂന്ന് തവണ എംഎൽഎയായിരുന്ന മന്ത്രി താജ്മുൽ ഹുസൈന് സീറ്റ് നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 2021-ൽ ഇതേ സീറ്റിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മതിയൂർ റഹ്മാനെയാണ് ഇത്തവണ തൃണമൂൽ അവിടെ പരീക്ഷിക്കുന്നത്. ഇതോടെ താജ്മുൽ ഹുസൈനും അദ്ദേഹത്തിന്റെ അനുയായികളും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.തൃണമൂലിന് പുറമെ ബിജെപിയിലും സമാനമായ രീതിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
സീറ്റ് ലഭിക്കാത്ത നേതാക്കൾ കലാപക്കൊടി ഉയർത്തുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് നേതൃത്വം. വോട്ടർ പട്ടികയിലെ തീവ്രപരിഷ്കരണം മൂലം നിരവധി പേർക്ക് വോട്ട് നഷ്ടപ്പെട്ടെന്ന പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ. ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങളും പാർട്ടിക്കുള്ളിലെ ഐക്യവും വിജയത്തിന് അത്യന്താപേക്ഷിതമാണെന്നിരിക്കെ വിമത ശല്യം പാർട്ടികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.വിമത കലാപം പല സീറ്റുകളിലെയും വിജയസാധ്യതകളെ അട്ടിമറിച്ചേക്കാമെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്താൻ സാധ്യതയുണ്ട്.

