മുംബൈ: ഇന്ത്യന്‍ ആഡംബര ബ്രാന്‍ഡ് വിപണി പിടിക്കാന്‍ അംബാനിയും ബിര്‍ളയും പോരാട്ടം ശക്തമാക്കുന്നു. അതിസമ്പന്നരുടെ മനസിനിണങ്ങിയ ഉയര്‍ന്ന വിലയുള്ള ലോകോത്തര ബ്രാന്‍ഡുകള്‍ അവതരിപ്പിച്ചാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്ഡസ്്ട്രീസും കുമാര്‍ മംഗളം ബിര്‍ളയുടെ ആദിത്യ ബിര്‍ള ഗ്രൂപ്പും കൊമ്പു കോര്‍ക്കുന്നത്.
പേര്‍ഷ്യന്‍ ലക്ഷ്വറി ഡിപ്പാര്‍ട്ട്മെന്റ് ബ്രാന്‍ഡായ ഗാലറി ലഫായത് ബിര്‍ള ഗ്രൂപ്പുമായി കൈകോര്‍ത്ത് കഴിഞ്ഞ മാസം മുംബൈയില്‍ പുതിയ സ്റ്റോര്‍ ആരംഭിച്ചിരുന്നു. ഗുച്ചി, ഡിയോ, ലൂയി വ്യൂട്ടോണ്, കാര്‍ട്ടിയര്‍ തുടങ്ങിയ പ്രമുഖ ആഡംബര ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്ന റിലയന്‍സിന്റെ ജിയോ വേള്‍ഡ് പ്ലാസയുമായി നേരിട്ടു മത്സരിക്കുന്നതിനാണ് ഗാലറി ലഫായത്ത് ഒരുങ്ങുന്നത്.
ഇതുവരെ രാജ്യത്തെ അതിസമ്പന്നര്‍ തങ്ങള്‍ക്കാവശ്യമായ വിശ്വോത്തര ആഡംബര ബ്രാന്‍ഡുകള്‍ വിദേശത്തു നിന്നായിരുന്നു വാങ്ങിയിരുന്നത്. എന്നാല്‍ കോവിഡിനു ശേഷം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് ആഡംബര ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാക്കി വിപണി വളര്‍ത്തുക എന്ന തന്ത്രത്തിലേക്ക് കമ്പനികള്‍ മാറുന്നത്. പരമ്പരാഗത സമ്പന്നര്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പുകളുടെ ഉടമകള്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകള്‍ക്കും ആഗോള ആഡംബര ബ്രാന്‍ഡുകളോട് പ്രിയം കൂടിയിരിക്കുകയാണ്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ വിപണി ഒരു ലക്ഷം രൂപയുടെ മുകളില്‍ മൂല്യമുള്ളതായി മാറുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

