ഇന്ത്യയ്ക്ക് ആശ്വാസം; 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് ചരക്ക് കപ്പൽ മംഗലാപുരം തുറമുഖത്ത്

മംഗലാപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ രാജ്യം കടുത്ത വെല്ലുവിളി നേരിടുന്നതിനിടെ, അമേരിക്കയിൽ നിന്നുള്ള കൂറ്റൻ എൽപിജി കപ്പൽ മംഗലാപുരം തുറമുഖത്തെത്തി. ടെക്സസിലെ പോർട്ട് ഓഫ് നെഡർലാൻഡിൽ നിന്ന് പുറപ്പെട്ട ‘പിക്സിസ് പയനിയർ’ (Pyxis Pioneer) എന്ന ചരക്ക് കപ്പലാണ് ഞായറാഴ്ച രാവിലെ ന്യൂ മാംഗ്ലൂർ പോർട്ടിൽ നങ്കൂരമിട്ടത്. 47,236 ടൺ ഗ്രോസ് ടൺ ഭാരമുള്ള ഈ ടാങ്കർ സിംഗപ്പൂർ പതാക ഘടിപ്പിച്ചതാണ്. ഇതിൽ 16,714 ടൺ എൽപിജി ഏജിസ് ലോജിസ്റ്റിക്സ് ലിമിറ്റഡിന് (Aegis Logistics Ltd) വേണ്ടിയുള്ളതാണ്.ഫെബ്രുവരി 14-ന് ടെക്സസിൽ നിന്ന് യാത്ര തുടങ്ങിയ കപ്പൽ സുരക്ഷിതമായി മംഗലാപുരം തുറമുഖത്തെ 13-ാം നമ്പർ ബെർത്തിൽ അടുപ്പിച്ചു.പശ്ചിമേഷ്യയിലെ ഹർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതോടെ ഇന്ത്യയിൽ പാചകവാതക ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നുള്ള ഈ ഇന്ധന വരവ് വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.നേരത്തെ റഷ്യൻ ക്രൂഡ് ഓയിലുമായി ‘അക്വാ ടൈറ്റൻ’ എന്ന കപ്പലും മംഗലാപുരം തീരത്ത് എത്തിയിരുന്നു. കൂടാതെ, ഇന്ധന ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതിനായി മാർച്ച് 14 മുതൽ 31 വരെ ക്രൂഡ് ഓയിൽ, എൽപിജി കപ്പലുകൾക്ക് പോർട്ട് ചാർജുകളിൽ ഇളവ് നൽകാൻ ഷിപ്പിംഗ് മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *