മെൽബൺ: വിക്ടോറിയയിലെ വാടകക്കാർക്ക് വലിയ ആശ്വാസം പകരുന്ന നിയമപരിഷ്കാരങ്ങൾ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. വീട് വാടകയ്ക്കെടുക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന കടമ്പകൾ കുറയ്ക്കാനും അനാവശ്യമായ വാടക വർദ്ധന തടയാനുമാണ് സർക്കാർ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ഒന്നാമതായി, വാടകയ്ക്ക് അപേക്ഷിക്കുന്നവർ ക്കായി ഏകീകൃത അപേക്ഷാ ഫോം ഏജൻസികളും ഉടമകളും നിർബന്ധമായും ഉപയോഗിക്കണം. ഇത് അപേക്ഷാ നടപടികൾ ലളിതമാക്കാനും അപേക്ഷകരോട് വ്യക്തിപരമായോ അല്ലാതെയോ ഉള്ള അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. അപേക്ഷകരുടെ വിവരങ്ങൾ ശേഖരിച്ചു വെക്കു ന്നതിന് റെന്റൽ ആപ്പുകളോ വെബ്സൈറ്റുകളോ പണം ഈടാക്കുന്നതും ഇനി മുതൽ നിയമവിരുദ്ധമാണ്.
വാടക വർദ്ധനവിനും ഇനി കർശന നിയന്ത്രണമുണ്ടാകും. നിലവിലെ നാണയപ്പെരുപ്പ നിരക്കുമായി താരതമ്യം ചെയ്തായിരിക്കും വാടക വർദ്ധനവിന്റെ തോത് നിശ്ചയിക്കുകയെന്ന് കൺസ്യൂമർ അഫയേഴ്സ് മന്ത്രി നിക്ക് സ്റ്റൈക്കോസ് അറിയിച്ചു. നിയമം ലംഘിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് 12,000 ഡോളറിലധികവും വ്യക്തികൾക്ക് 2,500 ഡോളർ വരെയും പിഴ ചുമത്താൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
ബ്രൺസ്വിക്കിലെ വാടകക്കാരായ സ്കാർലറ്റ് നൈറ്റ്, ലൂ മേ എന്നിവർ തങ്ങളുടെ അനുഭവം പങ്കുവെച്ചു. കഴിഞ്ഞ ഡിസംബർ മുതൽ വീടിനായി 15-ഓളം അപേക്ഷകൾ നൽകിയെന്നും ഓരോ വീട് കാണാനും നൂറിലധികം ആളുകളുടെ നീണ്ട ക്യൂ ഉണ്ടായിരുന്നതായും അവർ പറഞ്ഞു. ചില അപേക്ഷകളിൽ പ്രൊഫൈൽ ഫോട്ടോ വരെ ആവശ്യപ്പെട്ടിരുന്നു. പുതിയ നിയമം വരുന്നതോടെ ഇത്തരം വിചിത്രമായ ആവശ്യങ്ങൾ ഇല്ലാതാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുൾപ്പെടെയുള്ള വാടകക്കാർ. അതേസമയം, വാടക നൽകുന്ന ഉടമകൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ഈ മേഖലയിൽ നിന്ന് ഉടമകൾ പിന്മാറാൻ സാധ്യതയുണ്ടെന്നും റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.

