നേപ്പാളിലെ സിമാരയില്‍ വീണ്ടും ജെന്‍ സി പ്രക്ഷോഭം, പോലീസുമായി ഏറ്റുമുട്ടി, കര്‍ഫ്യൂ പ്രഖ്യാപിച്ച് നേരിടാന്‍ പോലീസ്

കാഠ്മണ്ഡു: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം നേപ്പാളില്‍ വീണ്ടും യുവജന പ്രക്ഷോഭം. തെരുവിലിറങ്ങിയ ജെന്‍ സി പ്രക്ഷോഭകരെ നേരിടാന്‍ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. സിമാറയില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി എട്ടു വരെയാണ് ഇന്നലെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും പോലീസും പ്രക്ഷോഭകരും തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയാണെന്നുമാണ് ഇതു സംബന്ധിച്ച് പോലീസ് വ്യക്തമാക്കിയത്. നിലവില്‍ സിമാറ ജില്ലയില്‍ മാത്രമാണ് സംഘര്‍ഷമുള്ളത്. ജില്ലയില്‍ യുഎംഎല്‍ (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് ) നേതാക്കളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭം ആരംഭിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശങ്കര്‍ പൊഖാരലും പാര്‍ട്ടിയുടെ യുവജനനേതാവ് മഹേഷ് ബാസ്‌നെറ്റും സഞ്ചരിച്ച ബുദ്ധ എയര്‍ ലൈന്‍സ് വിമാനം കാഠ്മണ്ഡുവില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് സിമാറയില്‍ യുവജനങ്ങള്‍ തെരുവിലിറങ്ങിയത്. അതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും വിമാനത്താവളം അടച്ചിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ നിരവധി ചെറുപ്പക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അടുത്ത വര്‍ഷം മാര്‍ച്ച് അഞ്ചിന് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് നിലവിലുള്ള പ്രഖ്യാപനം. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ അതിശക്തമായ ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് കെ പി ശര്‍മഒലിക്ക് പുറത്തുപോകേണ്ടിവന്നതാണ്. അതിനു ശേഷം ഇടക്കാല പ്രധാനമന്ത്രിയായ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഭരണത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *