സിഡ്‌നി: സിഡ്‌നിയിലെ വടക്കൻ മേഖലയിലുള്ള വാരിവുഡിൽ വൻ തിരമാലയിൽപ്പെട്ട് കടലിൽ ഒഴുകിപ്പോയ കൗമാരക്കാരനെ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. അതിശക്തമായ തിരമാലകൾക്കിടയിൽ പെട്ടുപോയ കുട്ടിയെ രക്ഷാപ്രവർത്തകർക്ക് ആദ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, പിന്നീട് നടത്തിയ തിരച്ചിലിൽ തീരത്തിനടുത്തുള്ള ഒരു ഗുഹയ്ക്കുള്ളിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതോടെ അതിസങ്കീർണ്ണമായ രക്ഷാപ്രവർത്തനത്തിനാണ് സിഡ്‌നി സാക്ഷ്യം വഹിക്കുന്നത്. സർഫ് ലൈഫ് സേവേഴ്‌സ് ഉൾപ്പെടെയുള്ള അടിയന്തര വിഭാഗങ്ങൾ സ്ഥലത്തെത്തി കുട്ടിയുടെ അടുത്തേക്ക് എത്താൻ ശ്രമിക്കുകയാണ്.
കടൽ അതീവ പ്രക്ഷുബ്ധമായി തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഗുഹയ്ക്കുള്ളിൽ കഴിയുന്ന കൗമാരക്കാരൻ ബോധാവസ്ഥയിലാണെന്നും എന്നാൽ ശരീരത്തിൽ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നുമാണ് ലഭ്യമായ വിവരം. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്

