ഇറാന് തങ്ങളുടെ ആകാശസീമയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വ്യാപകമായി വഴിതിരിച്ചുവിട്ടു. ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളാണ് റൂട്ട് മാറ്റി സര്‍വീസ് നടത്തിയത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഈ നടപടി.
പശ്ചിമേഷ്യയിലെ പെട്ടെന്നുണ്ടായ സൈനിക നീക്കങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഇറാന് തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു.യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും വിമാനക്കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി.
ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലേക്കും അമേരിക്കയിലേക്കുമുള്ള വിമാനങ്ങള്‍ ഇറാന് ആകാശസീമ ഒഴിവാക്കി സഞ്ചരിച്ചു. വിമാനങ്ങള്‍ ഇപ്പോള്‍ സൗദി അറേബ്യയുടെയോ മധ്യേഷ്യന്‍ രാജ്യങ്ങളുടെയോ മുകളിലൂടെയുള്ള ദൈര്‍ഘ്യമേറിയ പാതയാണ് ഉപയോഗിക്കുന്നത്.ഇറാന് ഒഴിവാക്കി ചുറ്റിക്കറങ്ങി പോകുന്നത് കാരണം യാത്രാ സമയം 45 മിനിറ്റ് മുതല്‍ 2 മണിക്കൂര്‍ വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
വിമാനം കൂടുതല്‍ സമയം പറക്കുന്നതിനാല്‍ ഇന്ധനച്ചെലവ് കൂടും. ഇത് വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായേക്കാം.സമയം വൈകുന്നത് കാരണം ദുബായ്, ദോഹ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കണക്ഷന് ഫ്ലൈറ്റുകള്‍ പല യാത്രക്കാര്‍ക്കും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് എയര്‍ലൈനുകള്‍ മുന്നറിയിപ്പ് നല്കി.

