കരാജ് ആക്രമണത്തിന് തിരിച്ചടി: ഗൾഫിലെ എട്ട് പ്രമുഖ പാലങ്ങൾ തകർക്കുമെന്ന് ഇറാന്റെ ഭീഷണി

തെഹ്‌റാൻ: ഇറാനിലെ കരാജ് പ്രവിശ്യയിലെ തന്ത്രപ്രധാനമായ ബി1 (B1) പാലത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെയും ജോർദാനിലെയും എട്ട് പ്രമുഖ പാലങ്ങൾ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഫാർസ്’ (Fars News Agency) ആണ് ലക്ഷ്യമിടുന്ന പാലങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ സബാഹ് കോസ്‌വേ, സൗദി അറേബ്യ – ബഹ്‌റൈൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ, അബുദാബിയിലെ ഷെയ്ഖ് സായിദ് പാലം, അൽ മഖ്ത പാലം, ഷെയ്ഖ് ഖലീഫ പാലം, കിംഗ് ഹുസൈൻ പാലം, ദാമിയ പാലം, അബ്ദൂൺ പാലം എന്നിവയാണ് ലക്ഷ്യം വെക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെയാണ് തെഹ്‌റാനു സമീപമുള്ള കരാജിലെ നിർമ്മാണത്തിലിരിക്കുന്ന ബി1 പാലത്തിന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണം ഉണ്ടായത്. ഇറാന്റെ ഏറ്റവും ഉയരം കൂടിയ പാലങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഇതിന്റെ വലിയൊരു ഭാഗം ആക്രമണത്തിൽ തകർന്നു. സംഭവത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടന്ന ഈ ആക്രമണത്തെ ‘ധാർമ്മിക തകർച്ച’ എന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാക്ചി വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *