ഐസിസ് വധുക്കളുടെ മടങ്ങിവരവ്: ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ വാക്പോരും വിവാദങ്ങളും മുറുകുന്നു

മെൽബൺ: സിറിയയിലെ ഐസിസ് ക്യാമ്പുകളിൽ കഴിയുന്ന ഓസ്‌ട്രേലിയൻ പൗരത്വമുള്ള സ്ത്രീകളെയും കുട്ടികളെയും തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നു. ഐസിസ് വധുക്കൾ എന്ന് വിളിക്കപ്പെടുന്ന മുപ്പത്തിനാലംഗ സംഘത്തിന് പാസ്‌പോർട്ട് അനുവദിച്ചതിനെ ചൊല്ലിയാണ് പ്രധാനമായും ഭരണ-പ്രതിപക്ഷങ്ങൾക്കിടയിൽ തർക്കം ഉടലെടുത്തിരിക്കുന്നത്.ഇവരെ തിരികെ എത്തിക്കാൻ സർക്കാർ രഹസ്യ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം, ഇത് രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

ആഭ്യന്തര മന്ത്രി ടോണി ബർക്ക് നടത്തിയ അടച്ചിട്ട മുറിയിലെ ചർച്ചകളാണ് ഇപ്പോൾ വലിയ വിവാദമാ യിരിക്കുന്നത്.ഐസിസ് വധുക്കളുടെ മോചനത്തിനായി വാദിക്കുന്ന ‘സേവ് ദ ചിൽഡ്രൻ’ പ്രതിനിധികളുമായും മറ്റും മന്ത്രി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥരെ പുറത്തുനിർത്തിയത് ദുരൂഹമാണെന്ന് സെനറ്റർ ജെയിംസ് പാറ്റേഴ്സൺ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.അന്താരാഷ്ട്ര നിയമപ്രകാരം പൗരന്മാർക്ക് പാസ്‌പോർട്ട് നൽകുക എന്നത് ഒരു ബാധ്യത മാത്രമാണെന്നും ഇവർക്കായി യാതൊരു പ്രത്യേക സഹായമോ വിമാനയാത്രയ്ക്കുള്ള സൗകര്യമോ സർക്കാർ ഒരുക്കിയിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസും ടോണി ബർക്കും വ്യക്തമാക്കുന്നത്. എന്നാൽ, സർക്കാരിന്റെ അറിവോ സഹായമോ ഇല്ലാതെ കുട്ടികൾക്ക് ഉൾപ്പെടെ എങ്ങനെ പൗരത്വ രേഖകൾ ലഭിച്ചുവെന്നും അവർ എങ്ങനെ അതിർത്തികൾ കടന്നുവെന്നും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു.

അതേസമയം, ഈ വിഷയം ഓസ്‌ട്രേലിയയിലെ മുസ്ലീം സമൂഹത്തിന് നേരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ടുകളുണ്ട്. പ്രമുഖ മോസ്കുകൾക്കും മുസ്ലീം നേതാക്കൾക്കും നേരെ ഭീഷണി കത്തുകളും വംശീയ അധിക്ഷേപങ്ങളും വർദ്ധിച്ചുവരുന്നത് കമ്മ്യൂണിറ്റി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിവാദങ്ങൾ എമിഗ്രേഷൻ നിയമങ്ങളെ നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും, തീവ്രവാദ ബന്ധമുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും എതിരെ ‘താൽക്കാലിക യാത്രാ വിലക്ക്’ (Temporary Exclusion Orders) കർശനമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയ ഒരാൾക്ക് ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയതായി സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവർ സ്വന്തം നിലയ്ക്ക് രാജ്യത്തെത്തിയാൽ അവരെ നിരീക്ഷിക്കാനും നിയമനടപടികൾ സ്വീകരിക്കാനും തയ്യാറാണെന്നാണ് സർക്കാർ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *