മണിപ്പൂരിൽ റോക്കറ്റ് ആക്രമണം: രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു, അമ്മയ്ക്ക് പരിക്ക്; ബിഷ്ണുപൂരിൽ കർഫ്യൂ

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അഞ്ച് വയസ്സുകാരനായ ആൺകുട്ടിയും അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഇവരുടെ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മൊയ്‌റാംഗ് പ്രദേശത്തുള്ള ഇവരുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടികൾ മരണത്തിന് കീഴടങ്ങിയത്. സംഭവസ്ഥലത്ത് ബിഎസ്എഫ് ഉദ്യോഗസ്ഥനായ കുട്ടികളുടെ പിതാവ് ജോലി സ്ഥലത്തായിരുന്നു.ആക്രമണത്തെത്തുടർന്ന് ബിഷ്ണുപൂർ ജില്ലയിൽ കനത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രകോപിതരായ ജനക്കൂട്ടം വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ബിഷ്ണുപൂരിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. കൂടാതെ അഞ്ച് താഴ്വര ജില്ലകളിൽ (ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കാക്ചിംഗ്, ബിഷ്ണുപൂർ) മൂന്ന് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.ആക്രമണത്തെ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗ് ശക്തമായി അപലപിച്ചു. ഇതൊരു “മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം” ആണെന്നും കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (NIA) കൈമാറാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം നിലനിർത്താൻ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *