ഭാര്യയുടെ മരണത്തിന് പിന്നാലെ ആഡംബര കാറിനെ ‘മാരകായുധം’ എന്ന് വിശേഷിപ്പിച്ചു; റോഹൻ ഡെന്നിസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വിവാദത്തിൽ

അഡലെയ്‌ഡ്: സ്വന്തം വാഹനം ഇടിച്ച് ഭാര്യ മരിച്ച കേസിൽ തടവുശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുൻ ഒളിമ്പിക് സൈക്ലിസ്റ്റ് റോഹൻ ഡെന്നിസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് വലിയ വിവാദത്തിന് തിരി കൊളുത്തി. തന്റെ പോർഷെ കാറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “വാട്ട് ആൻ അബ്സല്യൂട്ട് വെപ്പൺ” എന്ന അടിക്കുറിപ്പോടെ ഡെന്നിസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വിമർശനങ്ങൾക്ക് കാരണമായത്. ഇരകളുടെ അവകാശങ്ങൾക്കായി പോരാടുന്ന വിക്ടിംസ് റൈറ്റ്സ് കമ്മീഷണർ സാറ ക്വിക്ക് ഈ നടപടിയെ രൂക്ഷമായി വിമർശിച്ചു.

2023 ഡിസംബറിൽ അഡലെയ്‌ഡിലെ വീടിന് സമീപം ഡെന്നിസ് ഓടിച്ച കാറിടിച്ചാണ് ഭാര്യയും ഒളിമ്പിക് സൈക്ലിസ്റ്റുമായ മെലിസ ഹോസ്കിൻസ് (32) കൊല്ലപ്പെട്ടത്. ഈ കേസിൽ കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഡെന്നിസിന് 17 മാസത്തെ സസ്പെൻഡഡ് തടവുശിക്ഷയും രണ്ട് വർഷത്തെ നല്പെരുമാറ്റ ബോണ്ടും കോടതി വിധിച്ചിരുന്നു. ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് കാറിനെ ‘ആയുധം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ഡെന്നിസിന്റെ പോസ്റ്റ് വരുന്നത്. ഇത് അങ്ങേയറ്റം അപകീർത്തികരമാണെന്നും താൻ ചെയ്ത തെറ്റിനെക്കുറിച്ചോ അതിന്റെ ആഘാതത്തെക്കുറിച്ചോ ഡെന്നിസിന് യാതൊരു ബോധവുമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും സാറ ക്വിക്ക് പ്രസ്താവനയിൽ പറഞ്ഞു.

വിവാദം കനത്തതോടെ തന്റെ മക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സമാനമായ രീതിയിൽ ഡെന്നിസ് മറ്റൊരു പോസ്റ്റ് കൂടി ഇട്ടു. മെലിസയുടെ കുടുംബത്തോടും അവരുടെ ഓർമ്മകളോടും കാണിക്കുന്ന വലിയ അനാദരവാണിതെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്. കോടതി നടപടികൾക്കിടെ മെലിസയുടെ മാതാവ് അമാൻഡ, ഇതൊരു ദൗർഭാഗ്യകരമായ അപകടമാണെന്ന് വിശ്വസിക്കുന്നതായും എന്നാൽ ഡെന്നിസ് തന്റെ മുൻകോപം നിയന്ത്രിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. ലോക ടൈം ട്രയൽ ചാമ്പ്യനും ഒളിമ്പിക് മെഡൽ ജേതാവുമായ ഡെന്നിസ്, നിലവിൽ രണ്ട് വർഷത്തെ ഡ്രൈവിംഗ് വിലക്കും നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *