ബുഡാപെസ്റ്റ്: പതിനേഴു നൂറ്റാണ്ടു പഴക്കമുള്ള ശവപേടകം തുറന്ന് ഹംഗറിയിലെ പുരാവസ്തു വിദഗ്ധര്‍. ഇത്രയും കാലം മനുഷ്യ സ്പര്‍ശമേല്‍ക്കാതിരുന്ന ശവപ്പെട്ടിയാണ് അടുത്തയിടെ തുറന്നു പരിശോധിച്ചത്. ബുഡാപെസ്റ്റ് ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകര്‍ക്കാണ് അസുലഭമായ ഈ കാര്യം ചെയ്യുന്നതിനുള്ള അവസരം കൈവന്നത്.
അടുത്തയിടെയായിരുന്നു ഹംഗറിയിലെ ഒബുഡയില്‍ നടന്ന ഖനനത്തിനിടെ ഇത്രയും പഴക്കമേറിയ ശവപേടകം കണ്ടെടുക്കുന്നത്. ഇതിന്റെ മൂടി തുറന്നപ്പോള്‍ പൂര്‍ണമായ ഒരു അസ്ഥികൂടമാണ് ഉള്ളിലുണ്ടായിരുന്നത്. അതിനു ചുറ്റിലുമായി നിരവധി പുരാവസ്തുക്കളും കണ്ടെത്തി. കൗമാരം പിന്നിട്ട പെണ്‍കുട്ടിയുടേതായിരുന്നു അസ്ഥികൂടമെന്നു ശാസ്ത്രജ്ഞര്‍ വിലയിരുത്തി. ഇതിനൊപ്പം പേടകത്തില്‍ ചി്ല്ലുകൊണ്ട് നിര്‍മിച്ച രണ്ടു ഗ്ലാസ് പാത്രങ്ങള്‍, വെങ്കലം കൊണ്ടുള്ള ചെറിയ പ്രതിമകള്‍, നൂറ്റമ്പതോളം റോമന്‍ നാണയങ്ങള്‍, ഹെയര്‍ പിന്നുകള്‍ എന്നിവയുമുണ്ടായിരുന്നു.
നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഭൗതികാവശിഷ്ടങ്ങള്‍ വിശദമായി പരിശോധിക്കാനും കൂടുതല്‍ അറിവുകളിലേക്ക് എത്താനുമാണ് ശാസ്ത്രജഞരുടെ തീരുമാനം. ഇതിലൂടെ മരിച്ചയാളുടെ കൃത്യമായ പ്രായം, മരണകാരണം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരിക്കാനാവുമെന്നാണ് അനുമാനിക്കുന്നത്.

