മുംബൈ: റിലയന്‍സ്, ആദിത്യ ബിര്‍ള, ടാറ്റ തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ വഴി പിന്തുടര്ന്ന് ആഡംബര വസ്ത്ര വിപണിയിലേക്കിറങ്ങാന്‍ ആര് പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്. ആഡംബര ഫാഷന്‍ ലേബലായ ഫാല്‍ഗുനി ഷെയ്ന് പീകോക്കിന്റെ ഉടമകളായ എഫ്എസ്പി ഡിസൈന്‍സിന്റെ നാല്പതു ശതമാനം ഓഹരികള്‍ ഗോയങ്ക ഗ്രൂപ്പിന്റെ ഭാഗമായ ആര് പി എസ് പി വെഞ്ചേഴ്സ് ലിമിറ്റഡ് വാങ്ങിയിട്ടുണ്ട്. 455.17 കോടി രൂപ എന്റര്‍പ്രൈസ് മൂല്യം കണക്കാക്കിയാണ് ഈ ഏറ്റെടുക്കല്‍ നടക്കുക.
ആഡംബര ഫാഷന്‍ രംഗത്ത് പ്രത്യേക പോര്‍ട്ട്ഫോളിയോ നിര്‍മിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ഏറ്റെടുക്കല്‍ എന്നാണ് കോര്‍പ്പറേറ്റ് വിപണി വൃത്തങ്ങള്‍ നല്കുന്ന സൂചന. അതിനാലാണ് 18-24 മാസങ്ങള്‍ക്കുള്ളില്‍ അധികമായി പത്തു ശതമാനം ഓഹരികള്‍ കൂടി വാങ്ങാന്‍ ആര്‍പിഎസ്ജി വെഞ്ചേഴ്സ് അവകാശം നിലനിര്‍ത്തിയിരിക്കുന്നത്. 2019ല്‍ മുംബൈയില്‍ സ്ഥാപിതമായ എഫ്എസ്പി ഡിസൈന്‍ ഫാല്‍ഗുനി ഷെയ്ന് പീക്കോക്ക് എന്ന ബ്രാന്‍ഡിനു കീഴില്‍ ആഡംബര വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളുമാണ് വിപണനം നടത്തുന്നത്.

