കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിലും റബര്‍ കര്‍ഷകര്‍ക്ക് നിരാശ. റബര്‍ കിലോഗ്രാമിന് 250 രൂപയാക്കുമെന്ന പ്രകടനപത്രിക പ്രഖ്യാപനം സര്‍ക്കാരിന്റെ അവസാന ബജറ്റിലും പരാമര്‍ശിച്ചില്ല. റബര്‍ കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് അഞ്ച് വര്‍ഷം മുമ്പു തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞതാണ്.
കര്‍ഷകരും വിവിധ റബര്‍ കര്‍ഷകസംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഭരണഭക്ഷത്തുനിന്നു കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ളവര്‍ നിരന്തരമായി ആവശ്യപ്പെട്ട അടിസ്ഥാന വില 250 രൂപയാക്കണമെന്നത് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിരാകരിച്ചു. 180 രൂപയില്‍നിന്നു കഴിഞ്ഞ ഒക്ടോബര്‍ 29നാണ് അടിസ്ഥാനവില 200 ആയി ഉയര്‍ത്തിയത്. കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൂണ്ടികാട്ടി 14ന് ഉത്തരവിറങ്ങുകയും ചെയ്തു. അവസാന ബജറ്റിലെങ്കിലും 250 രൂപയായി ഉയര്‍ത്തുമെന്ന ആവശ്യം നിരാകരിച്ചതോടെ കര്‍ഷകരും നിരാശയിലായി.
2015 ജൂലൈ ഒന്നിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് റബര്‍ കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് 150 രൂപ അടിസ്ഥാന വില നിശ്ചയിച്ച് റബര്‍ വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിച്ചത്. വിപണി വിലയില്‍ കുറവുവരുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നതാണു പദ്ധതി. സ്വാഭാവിക റബറിനു ഒരു കിലോഗ്രാമിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ 2021 ഏപ്രിലില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രി തോമസ് ഐസക്കും 2024 ഏപ്രില്‍ ഒന്നുമുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ധിപ്പിച്ചു രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രി കെ.എന്‍. ബാലഗോപാലും സബ്സിഡി വര്‍ധിപ്പിച്ചിരുന്നു.
അടിസ്ഥാന വിലയേക്കാള്‍ വ്യാപാര വില ഉയര്‍ന്നു നില്ക്കുന്നതിനാല് 2023നുശേഷം നാളിതുവരെ തുകയൊന്നും സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്‍കേണ്ടിവന്നില്ല. പദ്ധതി ആരംഭിച്ച 2015 മുതല്‍ ഇതുവരെ 2070.98 കോടി രൂപ സബ്സിഡിയായി കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ വിലസ്ഥിരത ഫണ്ടിലേക്കുള്ള (സബ്സിഡി) ബജറ്റ് വിഹിതം 600 കോടി വകയിരുത്തിയിരുന്നെങ്കിലും ചെലവഴിക്കേണ്ടിവന്നില്ല.

