മുംബൈ: ഡോളറിനെതിരേ രൂപ തുടർച്ചയായ മൂന്നാം സെഷനിലും ഇടിഞ്ഞു. 50 പൈസ നഷ്ടത്തിൽ 90.84ൽ ക്ലോസ് ചെയ്തു. വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്കും അസംസ്കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയുടെ തകർച്ചയ്ക്കു കാരണമായത്.
ആഗോള വിപണിയിലെ അനിശ്ചിതത്വവും ഡോളർ ശക്തിയാർജിക്കുന്നതും വിദേശ സ്ഥാപന നിക്ഷേപകരെ (എഫ്ഐഐകൾ) ഇന്ത്യൻ വിപണിയിൽനിന്ന് പിന്മാറുന്നതിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്. ഇതിനിടെ കുറഞ്ഞ വിലയിൽ ഓഹരികൾ വാങ്ങാൻ ആഭ്യന്തര നിക്ഷേപകർ താത്പര്യം കാട്ടിയിട്ടുണ്ട്.
മുംബൈ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിനെത്തുടർന്ന് ഓഹരിവിപണിക്കും വിദേശ വിനിമയ എക്സ്ചേഞ്ചിനും വ്യാഴാഴ്ച അവധിയായിരുന്നു. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ വ്യാപാര കമ്മി 2025ൽ ഡിസംബറിൽ 25.04 ബില്യണായി വർധിച്ചത് രൂപയ്ക്കുമേൽ സമ്മർദമുയർത്തി. ഇത് മുൻമാസം നവംബറിലെ 24.53 ബില്യണ്‍ ഡോളറിനേക്കാളും മുൻ വർഷം ഡിസംബറിലെ 22 ബില്യണ്‍ ഡോളറിനേക്കാളും കൂടുതലാണ്.
ഇന്റർ ബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 90.37ൽ വ്യാപാരം ആരംഭിച്ച രൂപ ഒരു ഘട്ടത്തിൽ 900.89 വരെ താഴ്ന്നു. അവസാനം ബുധനാഴ്ചത്തെ ക്ലോസിംഗിനെക്കാൾ 50 പൈസ താഴ്ന്ന് ഇന്നലെ വ്യാപാരം പൂർത്തിയാക്കി. ചൊവ്വാഴ്ച ഡോളറിനെതിരേ ആറു പൈസയുടെ ഇടിവു നേരിട്ട രൂപ ബുധനാഴ്ച 11 പൈസ നഷ്ടത്തിൽ 90.34ലാണ് ക്ലോസ് ചെയ്തത്.
ഇന്ത്യൻ രൂപ ഏറ്റവും വലിയ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത് ഡിസംബറിലെ 90.93 ആയിരുന്നു. അന്ന് വ്യാപാരത്തിനിടെ 91.14 വരെ താഴ്ചയിലെത്തിയിരുന്നു.രണ്ടു സെഷനുകളിൽ നഷ്ടത്തിലായിരുന്ന ഇന്ത്യൻ ഓഹരിവിപണി ഇന്നലെ ലാഭം രേഖപ്പെടുത്തി. ഐടി ഓഹരികളിലുണ്ടായ കുതിപ്പാണ് വിപണിക്കു കരുത്തായത്. ബിഎസ്ഇ സെൻസെക്സ് 188 പോയിന്റ് ഉയർന്ന് 83,570ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ സെൻസെക്സ് 752.26 പോയിന്റ് മുന്നേറി 84,135 നിലവാരത്തിലെത്തിയതാണ്. എൻഎസ്ഇ നിഫ്റ്റി 28.75 പോയിന്റ് ഉയർന്ന് 25,694ൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മേഖലാ സൂചികകളിൽ ഐടി (3.34%) യാണ് വൻ നേട്ടമുണ്ടാക്കിയത്. ബാങ്കിംഗ് ഓഹരികളും മികച്ച പ്രകടനം നടത്തി. നിഫ്റ്റി ബാങ്ക് 0.86 ശതമാനവും പൊതുമേഖല ബാങ്ക് 1.16 ശതമാനവും പ്രൈവറ്റ് ബാങ്ക് 0.45 ശതമാനവും ഉയർന്നു. ഐടി സൂചികയിൽ ഇൻഫോസിസിന്റെ ഉയർച്ച അഞ്ച് ശതമാനത്തിനു മുകളിലെത്തി. കന്പനിയുടെ 2025-26ലെ മൂന്നാംപാദ ഫലങ്ങൾ മികച്ചതായതാണ് വിപണിക്കു നേട്ടമായത്. ഇൻഫോസിന്റെ വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 8.9 ശതമാനം വർധിച്ച് 45,479 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ ലാഭം 2.2 ശതമാനം താഴ്ന്ന് 6654 കോടി രൂപയായി. മുൻ വർഷമിത് 6806 കോടി രൂപയായിരുന്നു.
ടെക് മഹീന്ദ്ര (5.1%), ടാറ്റ കണ്‍സൾട്ടൻസി സർവീസസ് (0.44%), വിപ്രോ (2.54%), എച്ച്സിഎൽ (1.68%), എംഫസിസ് (3.50%), എൽടിഐ മൈൻഡ്ട്രീ (4.60%), ഒറാക്കിൾ ഫിനാൻഷൽ സർവീസ് സോഫ്റ്റ്വേർ (5.69%), കോഫോർജ് (3.02%), പെർസിസ്റ്റന്റ് (2.0%) തുടങ്ങി നിഫ്റ്റി ഐടി സൂചികയിലെ എല്ലാ ഓഹരികളും മുന്നേറ്റം നടത്തി.

