സ്ലോവിയാന്‍സ്‌കിലെ മൂന്നു വയസുകാരന്‍ ക്രൂശിക്കപ്പെട്ടോ, വാസ്തവമെന്ത്

യുക്രേയ്ന്‍-റഷ്യ യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള ഏതു ചര്‍ച്ചയിലും കീറാമുട്ടിയായി മാറുന്നത് ഡോണ്‍ബാസ് മേഖലയാണ്. റഷ്യയ്ക്ക് എന്തു വിലകൊടുത്തും ഈ മേഖല കിട്ടിയേ തീരൂ. യുക്രേയ്‌നാണെങ്കില്‍ ഇതു കൈവിടാനും സാധിക്കില്ല. യുക്രേയ്‌നെ സംബന്ധിച്ചിടത്തോളം ഊര്‍ജാവശ്യങ്ങളില്‍ നല്ലൊരു പങ്കും നിറവേറ്റുന്നത് ഈ മേഖലയില്‍ നിന്നാണ്. റഷ്യയ്ക്കാണെങ്കില്‍ ചേര്‍ന്നു കിടക്കുന്ന ഈ ഭൂമി ലഭിക്കേണ്ടത് അവരുടെ ജിയോപൊളിറ്റിക്‌സിന്റെ ഭാഗമാണ്. ഇതിനായി റഷ്യ കഴിഞ്ഞ പത്തിലധികം വര്‍ഷമായി ചെയ്തു കൊണ്ടിരിക്കുന്നത് രണ്ടു കാര്യമാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നു. ഒന്നാമത്തേത് ഇവിടെ റഷ്യയ്ക്കനുകൂലമായ സായുധ വിഭാഗത്തെ വളര്‍ത്തിയെടുത്തിരിക്കുന്നു. രണ്ടാമതായി ഇല്ലാക്കഥകളുണ്ടാക്കി ലോക ജനതയെ കബളിപ്പിക്കുന്നു.
ഇല്ലാക്കഥ നിര്‍മാണത്തിന് ഒരു ഉദാഹരണമിതാ. 2014ല്‍ റഷ്യയുടെ നിയന്ത്രണത്തില്‍ നിന്ന് ഡോണ്‍ബാസ് മേഖലയിലെ സ്ലോവിയന്‍സ്‌ക് എന്ന നഗരം യുക്രേയന്‍ വീണ്ടെടുത്തു കഴിഞ്ഞപ്പോള്‍ റഷ്യയുടെ ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങളില്‍ ഒരു അഭിമുഖം പ്രത്യക്ഷപ്പെടുകയുണ്ടായി. ഗലൈന പിഷ്‌നിയാക് എന്നൊരു സ്ത്രീയുമായുള്ളതാണ് അഭിമുഖം. വളരെ സെന്‍സേഷണലായ വിവരങ്ങളാണിവര്‍ വെളിപ്പെടുത്തുന്നത്. യുക്രേയ്‌നിയന്‍ സൈനികര്‍ കേവലം മുന്നു വയസ് മാത്രം പ്രായമുള്ളൊരു കുട്ടിയെ ഒരു നോട്ടീസ് ബോര്‍ഡില്‍ കുരിശില്‍ തറച്ചു കൊല്ലുന്നത് കണ്ടുവെന്നാണിവരുടെ കഥ പോയത്. സിറ്റിയുടെ നടുവിലായിരുന്നുവത്രേ സംഭവസ്ഥലം. ആയിരക്കണിക്കിനാള്‍ക്കാരുടെ കണ്‍മുന്നില്‍ വച്ചായിരുന്നത്രേ ഈ ക്രൂരത. പിന്നീട് കുരിശില്‍ നിന്നിറക്കിയ ജഡം ഒരു സൈനിക ടാങ്കില്‍ കെട്ടി നഗരത്തിലൂടെ വലിച്ചിഴച്ചുവത്രേ.
ഈ ടിവി പരിപാടി സ്ലോവിയാന്‍സ്‌ക് മേഖലയിലാരും കാണാതിരിക്കാനായി സംപ്രേഷണത്തിനു മുമ്പു തന്നെ ഈ മേഖലയിലേക്കുള്ള വൈദ്യുതി ബന്ധം റഷ്യ വിച്ഛേദിച്ചിരുന്നു. ആരെങ്കിലും കണ്ടാല്‍ കള്ളത്തരം പൊളിയും എന്നതായിരുന്നു ഇതിനു കാരണം. സ്വതന്ത്ര ഏജന്‍സികള്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും അഭമുഖത്തിനായി വന്നിരുന്ന പിഷ്‌നിയാക് എന്ന സ്ത്രീ ഒരു റഷ്യന്‍ അനുകൂല വിഘടനവാദിയുമായിരുന്നത്രേ.റഷ്യയുടെ ഇല്ലാക്കഥയുണ്ടാക്കലിന്റെ ഉദാഹരണമായി ഇപ്പോഴും രാജ്യാന്തര ഏജന്‍സികള്‍ക്കു പറയാന്‍ ഇത്തരം കഥകള്‍ ധാരാളം.