മോസ്കോ: ക്രിമിയയിൽ റഷ്യൻ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നു വീണ് 29 പേർ മരിച്ചു. മരിച്ചവരിൽ ആറു പേർ വിമാന ജീവനക്കാരാണ്. റഷ്യ 2014-ൽ യുക്രെയ്നിൽ നിന്നും പിടിച്ചെടുത്ത ക്രിമിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന എഎൻ-26 (An-26) വിമാനമാണ് ചൊവ്വാഴ്ച രാത്രി തകർന്നത്. വൈകുന്നേരം ആറുമണിയോടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച യാത്രയിലായിരുന്നു വിമാനം. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രതിരോധ വകുപ്പിന്റെ പ്രാഥമിക നിഗമനം.വിമാനത്തിൽ ആകെ 7 ജീവനക്കാരും 23 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട ഒരാളെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നുമില്ല. വിമാനം നിയന്ത്രണം വിട്ട് ചെങ്കുത്തായ പാറക്കെട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സംഭവത്തിൽ റഷ്യൻ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണു; 29 മരണം

