ന്യൂഡല്‍ഹി: ഇന്ത്യ – റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ ഡല്‍ഹിയിലെത്തി.
വ്യാഴാഴ്ച വൈകുന്നേരം 6.35ന് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുടിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി.
ഇരുകൈകളും നീട്ടി ഹ്രസ്വമായ ആലിംഗനത്തോടെയാണ് പുടിനെ മോദി സ്വീകരിച്ചത്. ഇരുവരും ഒരേകാറില് ഒരുമിച്ചാണ് പുടിന്റെ താമസസ്ഥലത്തേക്ക് പോയത്. റഷ്യ-യുക്രെയ്‌ന് യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്.പുടിനുവേണ്ടി ഇന്ന് രാത്രി പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പുടിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ 11 ന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക.
സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ എല്‍വിറ നബിയുള്ളിന ഉള്‍പ്പടെ ഒമ്പത് കാബിനറ്റ് മന്ത്രിമാരും പുടിനൊപ്പം ചര്‍ച്ചയില്‍ പങ്കാളികളാകും.ഒട്ടേറെ പ്രതിരോധ,വ്യാപാര കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

